'ദൂരെ നിന്ന് പോലും അദ്ദേഹത്തിന് എന്നെ കാണാൻ അറപ്പുള്ളതുപോലെ തോന്നി'; വേദന പങ്കുവച്ച് ബിനീഷ്

By Web TeamFirst Published Nov 1, 2019, 10:02 AM IST
Highlights
  • ദൂരെ നിന്ന് പോലും അദ്ദേഹത്തിന് എന്നെ കാണാൻ അറപ്പുണ്ടെന്നാണ് ഞാൻ മനസിലാക്കിയത്
  • ആ കോളേജിലെ പരിപാടിക്ക് അതിഥിയായി വിളിച്ചിട്ട് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി

കൊച്ചി: താൻ ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട ദിവസമാണ് കഴിഞ്ഞുപോയതെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ. തനിക്കൊപ്പം വേദി പങ്കിടാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ വിശദീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

"ഏറ്റവും അപമാനിക്കപ്പെട്ട ദിവസമായിരുന്നു. പരിപാടിക്ക് ചീഫ് ഗസ്റ്റാണെന്ന് പറഞ്ഞ് വിളിച്ചത് മിനിഞ്ഞാന്നാണ്. ചെയർമാനാണ് എന്നെ വിളിച്ചത്. ഇടുക്കിയിൽ നിന്ന് എന്റെ സ്വന്തം വണ്ടിയിൽ പാലക്കാടേക്ക് ചെന്നു. അവിടെ ചെന്നപ്പോ ഡ്രസ് ഒക്കെ മാറാൻ സ്ഥലം ചോദിച്ചപ്പോൾ ഹോട്ടൽ തന്നെ അവർ തന്നു. ഞാൻ ഹോട്ടലിൽ ചെന്നപ്പോൾ ചെയർമാനും മറ്റുള്ള കുറച്ച് വിദ്യാർത്ഥികളും ഭയങ്കര ഡെസ്‌പായിട്ട് എന്നെ വന്നു കണ്ടു. ചേട്ടാ ചേട്ടനോട് ഒരിക്കലും ഞങ്ങൾ പറയാനാഗ്രഹിക്കാത്ത കാര്യമാണ് പറയാൻ പോകുന്നതെന്ന് അവർ പറഞ്ഞു."

"എന്തായാലും മച്ചാനേ പറഞ്ഞോ നമ്മളെല്ലാം ഫ്രണ്ട്സല്ലേ പറഞ്ഞോന്ന് പറഞ്ഞു. മറ്റേ ഗസ്റ്റ് അനിൽ രാധാകൃഷ്ണ മേനോൻ ഞാൻ (ബിനീഷ്) ഗസ്റ്റായിട്ട് വന്നാ പരിപാടിയിൽ പങ്കെടുക്കൂല്ലെന്ന് അവര് പറഞ്ഞു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, അദ്ദേഹത്തിന്റെ സിനിമകളിൽ പണ്ട് ഞാൻ ചാൻസ് ചോദിച്ച് നടന്നിരുന്നയാളാണ് എന്നാണ്. ഏറ്റവും താഴേക്കിടയിൽ നിൽക്കുന്നയാൾക്കൊപ്പം വേദി പങ്കിടാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് അവർ പറഞ്ഞു."

"സ്വാഭാവികമായും പ്രിൻസിപ്പാൾ അദ്ദേഹത്തിന്റെ കൂടെ നിന്നു. എന്നെ ഹൈഡ് ചെയ്ത് വയ്ക്കണം എന്നാണ് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞത്. ഞാൻ ചെന്ന് കഴിഞ്ഞപ്പോൾ എന്നെ പ്രിൻസിപ്പാൾ തടഞ്ഞു. പ്രിൻസിപ്പാൾ എന്നോട് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. ആ കോളേജിലെ പരിപാടിക്ക് അതിഥിയായി വിളിച്ചിട്ട് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി. ഞാനാ സ്റ്റേജിൽ കേറി, ഞാൻ തറയിൽ നിന്ന് വന്നയാളാണ്. അതുകൊണ്ടാണ് തറയിലിരുന്ന പ്രതിഷേധിച്ചത്."

"ഏറ്റവും സങ്കടപ്പെട്ട ദിവസമാണ്. ആരെയും വഴക്ക് പറഞ്ഞില്ല. എനിക്ക് അവർ മൈക്ക് തന്നില്ല. എന്തുകൊണ്ടാണ് എന്റെ കൂടെ സ്റ്റേജ് പങ്കിടാൻ അനിൽ രാധാകൃഷ്ണ മേനോൻ സാറിന് പറ്റാത്തത്? ഞാനങ്ങനെ ഒരു പ്രതികരണവുമായി വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല. ഞാൻ ജാതിസ്പിരിറ്റ് കാണുന്ന ഒരാളല്ല. ദൂരെ നിന്ന് പോലും അദ്ദേഹത്തിന് എന്നെ കാണാൻ അറപ്പുണ്ടെന്നാണ് ഞാൻ മനസിലാക്കിയത്," ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.

click me!