മതവികാരം വ്രണപ്പെടുത്തി; അനുരാഗ് കശ്യപിനെതിരെ പരാതി നല്‍കി ബിജെപി നേതാവ്

By Web TeamFirst Published Aug 21, 2019, 9:26 AM IST
Highlights

സിഖ് മതവിശ്വാസത്തെ വ്രണപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ദില്ലി: സിഖ് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പരാതി നല്‍കി ബിജെപി നേതാവ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന വെബ് സീരീസ് 'സേക്രഡ് ഗെയിംസി'ല്‍ സിഖ് മതത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് ചൊവ്വാഴ്ച ദില്ലി ബിജെപി വക്താവ് തേജിന്ദര്‍പാല്‍ സിങ് ബഗ്ഗ  പൊലീസില്‍ പരാതി നല്‍കിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

'സിഖ് മതവിശ്വാസത്തെ വ്രണപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 'സേക്രഡ് ഗെയിംസി'ലെ ഒരു രംഗത്തില്‍ സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്ന സിഖ് കഥാപാത്രം താന്‍ ധരിച്ചിരിക്കുന്ന കാര (സിഖ് മതവിശ്വാസികള്‍ ധരിക്കുന്ന വള) ഊരിയെറിയുന്നുണ്ട്. ഇത് സിഖ് മതത്തോടുള്ള അനാദരവാണ്'-  ബഗ്ഗ പറഞ്ഞു. നീട്ടിവളര്‍ത്തിയ മുടി, മീശയും താടിയും, കാര എന്നറിയപ്പെടുന്ന മെറ്റല്‍ വള, കച്ചേര എന്ന കോട്ടണ്‍ വസ്ത്രം ഇരുമ്പ് കത്തി എന്നിങ്ങനെ വിശ്വാസത്തിന്‍റെ ഭാഗമായി അഞ്ച് പ്രതീകങ്ങളാണ് സിഖ് മതവിശ്വാസികള്‍ പിന്തുടരുന്നത്. 

അനുരാഗ് കശ്യപിനെതിരെ ബിജെപി നേതാവ് മഞ്ചിന്ദര്‍ സിങ് സിര്‍സയും സമാന ആരോപണം ഉന്നയിച്ചു. അനുരാഗ് കശ്യപിനെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്ക് പരാതി നല്‍കിയതായി സിര്‍സ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ അനുരാഗ് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 

click me!