
ദില്ലി: ദി കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ബോംബുകളോ വെടിക്കോപ്പുകളോ ഉപയോഗിക്കാതെയുള്ള പുതിയ തരം വിഷലിപ്ത തീവ്രവാദത്തെക്കുറിച്ചാണ് സിനിമ വെളിവാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗളൂരുവിൽ സിനിമ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു നദ്ദ.
"വെടിയൊച്ചകൾ, സ്ഫോടനങ്ങൾ, വിവിധതരം ആയുധങ്ങളുപയോഗിച്ചുള്ള ആക്രമണം എന്നിവയെക്കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാലിത് അതിലൊക്കെ അപകടകരമായ തീവ്രവാദമാണ്. ഇതിൽ വെടിയൊച്ചകളോ ബോംബോ വെടിക്കോപ്പുകളോ ഒന്നുമില്ല. ഈ വിഷലിപ്തമായ തീവ്രവാദത്തെയാണ് സിനിമ അനാവരണം ചെയ്യുന്നത്". നദ്ദ പറഞ്ഞു.
കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതുമുതൽ വൻ വിവാദത്തിനാണ് വഴിയൊരുങ്ങിയത്. കേരളത്തിലെ സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്ന വിഷയത്തിന് പ്രാധാന്യം നൽകുന്നതാണ് സിനിമയെന്ന് നിർമ്മാതാക്കൾ പറയുമ്പോൾ, ഇത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള "ബി.ജെ.പി സ്‌പോൺസേർഡ്" ശ്രമമാണെന്നാണ് സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ പറയുന്നത്. മെയ് 5നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ദി കേരള സ്റ്റോറി' നിര്‍മിച്ചിരിക്കുന്നത് വിപുല്‍ ഷായാണ്. അദാ ശര്‍മ നായികയാകുന്ന ചിത്രത്തില്‍ യോഗിത ബിഹ്ലാനി, സോണിയ ബലാനി, സിദ്ധി ഇതാദി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ