
ബെലാറസിലെ മിൻസ്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ "ലിസ്റ്റപാഡ്"-ൽ "ഫെയ്ത്ത് ഇൻ എ ബ്രൈറ്റ് ഫ്യൂച്ചർ" അവാർഡ് നേടി രാജേഷ് പി കെ സംവിധാനം ചെയ്ത് നിവിൻ പോളി അവതരിപ്പിച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം 'ബ്ലൂസ്'. ഒട്ടേറെ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഈ ചിത്രത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇതോടെ മറ്റൊരു പ്രധാന അന്താരാഷ്ട്ര ബഹുമതി കൂടി എത്തിയിരിക്കുകയാണ്. ബെർലിൻ, വെനീസ്, കാൻ തുടങ്ങിയ ഫെസ്റ്റിവലുകൾക്ക് പുറമേ ലോകത്തിലെ ഏറ്റവും അഭിമാനകരമായ മത്സര ചലച്ചിത്രമേളകളിൽ ഒന്നാണ് ലിസ്റ്റപാഡ്.
കണ്ണൂർ ആസ്ഥാനമായുള്ള ആനിമേഷൻ കമ്പനിയായ റെഡ്ഗോഡ് സ്റ്റുഡിയോസാണ് സംഭാഷണരഹിതമായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന 'ബ്ലൂസിന്റെ' സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ഷിജിൻ മെൽവിൻ ഹട്ടൺ ആണ്.
ഈ മേളയുടെ പേരായ "ലിസ്റ്റപാഡ്", ബെലാറഷ്യൻ ഭാഷയിൽ അർത്ഥമാക്കുന്നത് "ഇല പൊഴിയൽ" എന്നാണ്. മുടിയിൽ പച്ച ഇലയുമായി ജനിച്ച ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ഈ ചിത്രത്തിൻ്റെ കേന്ദ്ര രൂപവുമായി മനോഹരമായ ഒരു തീമാറ്റിക് സാമ്യതയാണ് അത് പുലർത്തുന്നത് എന്ന് സംവിധായകൻ രാജേഷ് പി കെ പറഞ്ഞു.
മിൻസ്കിലെ ഈ വിജയം 'ബ്ലൂ'സിന് ലഭിച്ച മറ്റ് നിരവധി ആഗോള അംഗീകാരങ്ങളുടെ ഒരു തുടർച്ചയാണ്. ഇറ്റലിയിലെ ആനിമോഷൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച 3D ഷോർട്ട് ഫിലിം, ലോസ് ഏഞ്ചൽസിലെ ഇൻഡി ഷോർട്ട് ഫെസ്റ്റിൽ മികച്ച ആനിമേഷൻ ഷോർട്ട് എന്നീ പുരസ്കാരങ്ങൾ ഈ ചിത്രം മുമ്പ് നേടിയിരുന്നു. ഇന്ത്യയിലെ ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം നേടിയ ചിത്രം കൂടിയായിരുന്നു ഇത്.
ഡോൾബി അറ്റ്‌മോസ് മിക്സിൽ ഒരുക്കിയ, ദൃശ്യപരമായി അതിശയിപ്പിക്കുന്ന, സിനിമാറ്റിക് അനുഭവമാണ് 'ബ്ലൂ' സമ്മാനിക്കുന്നത്. ഇപ്പൊൾ വിജയകരമായി ഫെസ്റ്റിവൽ റൺ തുടരുന്ന ചിത്രം ഇനി വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസണിനായി കൂടിയാണ് തയ്യാറെടുക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ