
കീർത്തി സുരേഷ് ഒരു മാസ്സ് പരിവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം 'റിവോൾവർ റിറ്റ' നവംബർ 28-ന് റിലീസിനൊരുങ്ങുന്നു. കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ആക്ഷൻ, നർമ്മം, നിഗൂഢത എന്നിവ കൂട്ടിക്കലർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് ഒരു മുഴുനീള എന്റർടൈനർ പ്രതീക്ഷിക്കാമെന്നുള്ള സൂചനകൾ നൽകിയിരുന്നു. ഒപ്പം തന്നെ കീർത്തിയുടെ ജന്മദിനമായ ഒക്ടോബർ 17-ന്, ചിത്രത്തിലെ 'ഹാപ്പി ബർത്തഡേ' എന്ന് തുടങ്ങുന്ന ലിറിക്കൽ ഗാനം ചിത്രത്തിൻറെ അണിയറപ്രവർത്തകർ പുറത്തിറക്കിയത് ആരാധകർക്കിടയിൽ കൗതുകമുണർത്തി.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിൻറെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീർത്തിയ്ക്ക് 'റിവോൾവർ റിറ്റ'യിലെ ലീഡ് റോൾ കരിയറിൽ ഒരു പുതിയ ദിശ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും നിരൂപകരും.
സൂപ്പർസ്റ്റാർ വിജയ് ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം', 'മാനാട്' എന്നീ സിനിമകളുടെ തിരക്കഥ കൈകാര്യം ചെയ്തിട്ടുള്ള ജെ.കെ. ചന്ദ്രുവിന്റെ, സംവിധായകൻ എന്ന നിലയിലുള്ള ആദ്യ ചിത്രം കൂടിയാണ് 'റിവോൾവർ റിറ്റ'. ചന്ദ്രു തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനും, ഗായകനും, ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും, പ്രവീൺ കെ. എൽ. എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.
പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ പ്രൊഡക്ഷനുകളുടെ ബാനറിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന റിവോൾവർ റിറ്റയിൽ, കീർത്തിക്കൊപ്പം രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ