'ദൃശ്യത്തിന് മുകളില്‍ പോയിട്ടില്ലെങ്കിലും...'; 'തുടരു'മിനെക്കുറിച്ച് ബോളിവുഡ് സംവിധായകന്‍

Published : Jun 02, 2025, 09:00 AM IST
'ദൃശ്യത്തിന് മുകളില്‍ പോയിട്ടില്ലെങ്കിലും...'; 'തുടരു'മിനെക്കുറിച്ച് ബോളിവുഡ് സംവിധായകന്‍

Synopsis

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ ബഹുഭാഷാ സ്ട്രീമിംഗ്

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവനിരയിലെ ശ്രദ്ധേയ സംവിധായകനായ തരുണ്‍ മൂര്‍ത്തി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം ഏപ്രില്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ റിലീസ് പ്രൊമോഷന്‍ ഇല്ലാതെ എത്തിയ ചിത്രം പക്ഷേ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞതിന് പിന്നാലെ ജനം ഏറ്റെടുത്തു. സമീപകാല മലയാള സിനിമയില്‍ ഇത്രയും പോസിറ്റീവ് ആയ മൗത്ത് പബ്ലിസിറ്റി ലഭിച്ച മറ്റൊരു ചിത്രമില്ല. കളക്ഷന്‍ നോക്കിയാല്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ ഹിറ്റ് ആണ് തുടരും. ഏതാനും ദിവസം മുന്‍പായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. തിയറ്ററുകളിലേതുപോലെ ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒടിടി റിലീസിന് ശേഷം മറുഭാഷാ പ്രേക്ഷകരുടെ നിരവധി പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ​ഗുപ്ത. 

ചിത്രം പകുതി കണ്ടതിന് ശേഷം എക്സില്‍ അദ്ദേഹം കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. "ജിയോ ഹോട്ട്സ്റ്റാറില്‍ തുടരും കണ്ട് പകുതിയായി. എന്തൊരു സിനിമ!!! ദൃശ്യത്തേക്കാള്‍ മുകളില്‍ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. (അഭിനയത്തില്‍) മറ്റൊരു ​ഗ്രഹത്തിലാണ് മോഹന്‍ലാല്‍ സാര്‍. മസ്റ്റ് മസ്റ്റ് വാച്ച്!!!", സഞ്ജയ് ​ഗുപ്ത കുറിച്ചു. എന്നാല്‍ ചിത്രം ദൃശ്യത്തിനൊപ്പം ഇല്ലെന്നും ദൃശ്യം ഒരു ക്ലാസിക് ആണെന്നും അഭിപ്രായപ്പെടുന്നവര്‍ അദ്ദേഹത്തിന്‍റെ കമന്‍റ് ബോക്സില്‍ ഉണ്ട്.

ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമാണ് സഞ്ജയ് ​ഗുപ്ത. 1994 ല്‍ പുറത്തെത്തിയ ആതിഷ് മുതല്‍ 2021 ല്‍ പുറത്തെത്തിയ മുംബൈ സാ​ഗ വരെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കാണ്ഡെ, മുസാഫിര്‍, ഷൂട്ട്‍ഔട്ട് അറ്റഅ വഡല, കാബില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ അദ്ദേഹം സംവിധാനം ചെയ്തതാണ്. 

അതേസമയം എമ്പുരാന് തൊട്ടുപിന്നാലെ തുടര്‍ച്ചയായ 200 കോടി ക്ലബ്ബ് നേട്ടമാണ് തുടരുമിലൂടെ മോഹന്‍ലാലിന് ലഭിച്ചത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ​ഗ്രോസ് നേടുന്ന സിനിമയായും ഇത് മാറിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയിലേറെ ഷെയറും ഈ ചിത്രം നേടിയിട്ടുണ്ട്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് അദ്ദേഹവും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു