വിജയ്‍യുടെ റോളില്‍ ഈ ബോളിവുഡ് സൂപ്പര്‍താരം? 'മാസ്റ്റര്‍' ഹിന്ദി റീമേക്ക് പ്രഖ്യാപനം വൈകാതെ

By Web TeamFirst Published Jan 16, 2021, 6:57 PM IST
Highlights

വന്‍ തുകയ്ക്കാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക

ലോകേഷ് കനകരാജിന്‍റെ വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ ഹിന്ദി റീമേക്കിനെക്കുറിച്ച് ചിത്രത്തിന്‍റെ റിലീസിന് പിറ്റേന്നാണ് ആദ്യമായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. 'അര്‍ജുന്‍ റെഡ്ഡി'യുടെ ഹിന്ദി റീമേക്ക് ആയ 'കബീര്‍ സിംഗി'ന്‍റെ നിര്‍മ്മാതാവ് മുറാദ് ഖേതാനിയാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നതെന്നും ടെലിവിഷന്‍ റിയാലിറ്റി ഷോ 'ബിഗ് ബോസി'ന്‍റെ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഹിന്ദി റീമേക്കിന്‍റെ സഹ നിര്‍മ്മാതാക്കളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബോളിവുഡിലെ രണ്ട് മുന്‍നിര നടന്മാരായിരിക്കും വിജയ്‍‍യുടെ നായകനെയും വിജയ് സേതുപതിയുടെ പ്രതിനായകനെയും ഹിന്ദിയില്‍ അവതരിപ്പിക്കുക എന്നായിരുന്നു ആദ്യം കേട്ട വാര്‍ത്തകള്‍. എന്നാല്‍ പ്രതിനായക കഥാപാത്രത്തെ ഹിന്ദിയിലും വിജയ് സേതുപതി തന്നെയാവും അവതരിപ്പിക്കുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

എന്നാല്‍ വിജയ് അവതരിപ്പിച്ച നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കും എന്ന ചോദ്യത്തിന് ഒരു ബോളിവുഡ് സൂപ്പര്‍താരത്തിന്‍റെ പേര് തന്നെയാണ് കേള്‍ക്കുന്നത്. മറ്റാരുമല്ല, ഹൃത്വിക് റോഷന്‍റെ പേരാണ് മാസ്റ്റര്‍ ഹിന്ദി റീമേക്ക് നായകന്‍റെ റോളിലേക്ക് നിര്‍മ്മാതാക്കള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹൃത്വിക്കുമായുള്ള നിര്‍മ്മാതാക്കളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അത് വിജയിക്കുന്നപക്ഷം ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നുമാണ് ബോളിവുഡ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം. 

അതേസമയം ചിത്രത്തിന്‍റെ സംവിധായകന്‍ ആരെന്ന കാര്യവും ഇനിയും അനൗണ്‍സ് ചെയ്യപ്പെട്ടിട്ടില്ല. വന്‍ തുകയ്ക്കാണ് മാസ്റ്ററിന്‍റെ റീമേക്ക് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിലാവും റീമേക്കിന്‍റെ ചിത്രീകരണം ആരംഭിക്കുക. അതേസമയം 'മാസ്റ്റര്‍' ആദ്യ മൂന്നുദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. ആദ്യദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം 25 കോടി കളക്ട് ചെയ്ത ചിത്രം കേരളമുള്‍പ്പെടെയുള്ള മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച ഗ്രോസ് നേടിയിരുന്നു. റിലീസ് ദിനത്തില്‍ നിന്നു മാത്രം ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 44.57 കോടി ആയിരുന്നു. 

click me!