തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്; ധര്‍മ്മേന്ദ്രയുടെ മരണ വാർത്ത തള്ളി സണ്ണി ഡിയോളും ഇഷയും

Published : Nov 11, 2025, 08:55 AM ISTUpdated : Nov 11, 2025, 10:02 AM IST
dharmendra

Synopsis

ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ധർമ്മേന്ദ്രയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ആരോ​ഗ്യം മോശമായതിനെ തുടർന്ന് നവംബർ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുംബൈ: ധര്‍മ്മേന്ദ്രയുടെ മരണ വാർത്ത തള്ളി മകള്‍ ഇഷ ഡിയോൾ. മാധ്യമങ്ങള്‍ കിംവതന്തികള്‍ പ്രചരിപ്പിക്കുന്നുവെന്നും പിതാവിന്‍റെ ആരോഗ്യം മെച്ചപെട്ടുവരുന്നുവെന്നും ഇവർ അറിയിച്ചു. ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം. തെറ്റായ വാര‍്‍ത്തകൾ പ്രചരിപ്പിക്കരുതെന്നും ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ധര്‍മേന്ദ്രയെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും സണ്ണി ഡിയോളും വ്യക്തമാക്കി. 

ഇഷയുടെ പോസ്റ്റോടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അനുശോചനം ട്വീറ്റ് പിന്‍വലിച്ചു. ധർമേന്ദ്ര മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധര്‍മ്മേന്ദ്രയുടെ മരണ വാർത്തയ്ക്ക് എതിരെ ഹേമ മാലിനിയും രം​ഗത്ത് എത്തിയിട്ടുണ്ട്. 'പൊറുക്കാവാത്ത തെറ്റെ'ന്നാണ് ഹേമ മാലിനി പറഞ്ഞത്.

ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ധർമ്മേന്ദ്രയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ആരോ​ഗ്യം മോശമായതിനെ തുടർന്ന് നവംബർ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി. 

ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. 1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. ഇത് ഹിന്ദി സിനിമാ ചരിത്രത്തിൽ എക്കാലത്തേയും റെക്കോർഡാണ്. 

അൻഖേൻ, ശിക്കാർ, ആയാ സാവൻ ഝൂം കെ, ജീവൻ മൃത്യു, മേരാ ഗാവ് മേരാ ദേശ്, സീതാ ഔർ ഗീത, രാജാ ജാനി, ജുഗ്നു, യാദോൻ കി ബാരാത്, ദോസ്ത്, ഛാസ്, പ്രതിഗ്ഗ്, ഗുലാമി, ഹുകുമത്, ആഗ് ഹി ആഗ്, എലാൻ-ഇ-ജംഗ്, തഹൽക്ക, അൻപദ്, ബന്ദിനി, ഹഖീഖത്ത്, അനുപമ, മംമ്ത, മജ്‌ലി ദീദി, സത്യകം, നയാ സമന, സമാധി, ദോ ദിശയെൻ, ഹത്യാർ തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഏറെ ശ്രദ്ധേയമായ സിനിമകളാണ്. 1990-കളുടെ അവസാനം മുതൽ, വിജയകരവും പ്രശംസനീയവുമായ നിരവധി ക്യാരക്ടർ റോളുകളിൽ ധർമേന്ദ്ര എത്തി. 1997ൽ ബോളിവുഡിന് നൽകിയ സംഭാവനകൾക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു. 

2012ൽ, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. മുന്‍ എംപി കൂടിയാണ് ധര്‍മേന്ദ്ര. 1954ൽ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ എന്നിവരാണ് മക്കള്‍. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ പ്രധാന വേഷത്തിൽ എത്തുന്ന ഇക്കിസയിലാണ് ധർമേന്ദ്ര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

11 മാസത്തെ കാത്തിരിപ്പ്, ഒടുവില്‍ ഇതാ ഒടിടിയില്‍ 'ഡൊമിനിക്'; കാണാന്‍ ക്ഷണിച്ച് മമ്മൂട്ടിയും ഗൗതം മേനോനും
ദുൽഖർ ചിത്രം 'ഐ ആം ഗെയിം' ലൊക്കേഷൻ സന്ദർശിച്ച് മെഗാസ്റ്റാർ മമ്മൂട്ടി