
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ കുഞ്ചാക്കോ ബോബൻ ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് വിവാദങ്ങളോടെയാണ്. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമാണ് ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ചാക്കോച്ചന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും ചിത്രം ബഹിഷ്കരിക്കണമെന്നും സിനിമ കാണരുതെന്നുമുള്ള രീതിയിൽ കമന്റുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇത് മലയാള സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ മലയാള ചിത്രത്തിന് മാത്രമല്ല, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർ താര ചിത്രങ്ങൾക്കും ബഹിഷ്കരണ ഭീഷണി ഉയർന്നിരുന്നു. ആമിർഖാൻ ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’, അക്ഷയ് കുമാറിന്റെ ‘രക്ഷാബന്ധൻ’ എന്നിവയാണ് ബഹിഷ്കരണ ആഹ്വാനം നേരിട്ട മറ്റ് സിനിമകൾ. രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇത്തരത്തിൽ ആവിഷ്കാര സ്വതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന തരത്തിലുള്ള പ്രചാരണങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും നിറയുന്നതെന്ന് എടുത്ത് പറയേണ്ട കാര്യമാണ്.
അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. റിലീസിനോട് അടുക്കവേ ആയിരുന്നു ചിത്രം ബോയ്കോട്ട് ചെയ്യണമെന്ന പ്രചാരണവുമായി ഒരുവിഭാഗം രംഗത്തെത്തിയത്. ഇന്ത്യയില്‍ അസഹിഷ്ണുത കാരണം ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന ആമിർ ഖാന്റെ പരാമര്‍ശം വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ വിവാദമായിരുന്നു. ഈ കാര്യങ്ങൾ പൊടിത്തട്ടി എടുത്തായിരുന്നു ലാൽ സിംഗ് ഛദ്ദയ്ക്ക് എതിരെ പലരും ആയുധമാക്കിയത്.
ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ലാൽ സിംഗ് ഛദ്ദ എന്ന ആഹ്വാനവുമായി ട്വിറ്ററിൽ ഹാഷ് ടാഗ് ട്രെന്റിങ്ങായിരുന്നു. 'സത്യമേവ ജയതേ' എന്ന റിയാലിറ്റി ഷോയിൽ ഒരിക്കൽ ആമിർ ഖാൻ പറഞ്ഞിരുന്നു, നിങ്ങൾ വിഗ്രഹത്തിൽ ഒഴുക്കികളയുന്ന പാലുണ്ടെങ്കിൽ പാവപ്പെട്ട കുട്ടികളുടെ വയറുനിറയ്ക്കാമെന്ന്. അങ്ങനെ എങ്കിൽ 'ലാൽ സിംഗ് ഛദ്ദ'യുടെ ടിക്കറ്റിനായി 200 രൂപ പാഴാക്കി കളയരുതെന്നും, ആ പണം അനാഥ കുട്ടികളുടെ വിശപ്പകറ്റാൻ നൽകണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടർ എത്തുകയും ചെയ്തു.
'ഏതെങ്കിലും സർക്കാരിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരല്ല സിനിമ': വിമർശനങ്ങളിൽ കുഞ്ചാക്കോ ബോബൻ
ഫാമിലി എന്റർടൈനർ ചിത്രമാണ് അക്ഷയ്കുമാറിന്റെ ‘രക്ഷാബന്ധൻ’. സഹോദര ബന്ധത്തിന്റെ മനോഹാരിത ഒപ്പിയൊടുത്ത ചിത്രം സംവിധാനം ചെയ്തത് ആനന്ദ് എൽ റായ് ആണ്. ഈ ചിത്രം ഒരു പാകിസ്ഥാൻ ചിത്രത്തിന്റെ കോപ്പിയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ചിത്രത്തിന്റെ തിരക്കഥകൃത്തുക്കളിൽ ഒരാളായ കനിക ധില്ലനെയുടെ ഹിന്ദു വിരുദ്ധ പ്രസംഗവും ഹിജാബ് നിരോധനം, വർഗീയ ആൾക്കൂട്ടക്കൊല എന്നിവയെക്കുറിച്ച് എഴുതിയ പഴയ ട്വീറ്റുകളും പ്രചരിപ്പിച്ചു കൊണ്ടാണ് ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉയർത്തിയത്. ഇത്തരത്തിലുള്ള ഒരാളുമായി എങ്ങനെ പ്രവർത്തിക്കാൻ സാധിക്കുന്നുവെന്ന് അക്ഷയ് കുമാറിനോടും ചിലർ ചോദ്യമുയർത്തി. ഇതൊരു സ്വതന്ത്ര രാജ്യമാണ്, എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്നുമാണ് ഇത്തരം പ്രചരണങ്ങളോട് അക്ഷയ് പ്രതികരിച്ചത്.
എന്നാൽ ഇത്തരത്തിലുള്ള ബഹിഷ്കരണ ആഹ്വാനങ്ങൾ ഇതാദ്യമായിട്ടല്ല ബോളിവുഡിൽ നടക്കുന്നത്. പത്മാവത്,ഥപ്പട്, മൈ നെയിം ഈസ് ഖാൻ, ദംഗൽ, പി.കെ, ചപാക്, ദ കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങൾക്കെതിരെയും നിരവധി പേർ രംഗത്തെത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ