
ഒരു സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധനേടുന്ന ചില അഭിനേതാക്കളുണ്ട്. അത്തരത്തിലൊരാളാണ് നടി ഭുവനേശ്വരി. ബോയ്സ് എന്ന തമിഴ് ചിത്രത്തിലെ ഏതാനും സീനുകളിൽ മാത്രം എത്തി ശ്രദ്ധനേടിയ ഭുവനേശ്വരി പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്നു. നിലവിയിൽ അഭിനയ ജീവിതം ഉപേക്ഷിച്ച് ആത്മീയതയിലേക്ക് എത്തിയിരിക്കുകയാണ് ഭുവനേശ്വരി. താൻ എന്തിന് ജനിച്ചു എന്നതിനുള്ള ഉത്തരം ഇപ്പോഴാണ് ലഭിച്ചതെന്നും എല്ലാം മുൻജന്മ പുണ്യമെന്നും ഭുവനേശ്വരി പറയുന്നു.
"നിങ്ങൾ എന്നെ നിരവധി സിനിമകളിൽ കണ്ടിട്ടുണ്ടായിരിക്കും. പക്ഷേ ഇപ്പോൾ ഞാൻ ആത്മീയ യാത്രയിലാണ്. ആത്മീയതയിലേക്ക് ഞാൻ എത്തിയിട്ട് 20 വർഷമായി. അക്കാര്യം പക്ഷേ ആർക്കും അറിയില്ല. ആത്മീയതയിൽ ഇരുന്നപ്പോഴും ഞാൻ അഭിനയിച്ചിട്ടുണ്ട്. ഞാനിപ്പോൾ തിരുപ്പൂർ ആണ്. രണ്ട് വർഷത്തിന് മുൻപ് ഈ സ്ഥലത്തേക്ക് വരണമെന്ന് സ്വപ്നം കണ്ടിരുന്നു. കാളി ദേവിയാണ് സ്വപ്നത്തിൽ വന്ന് ഈ സ്ഥലം കാണിച്ചു തന്നത്. ഒടുവിൽ ഞാൻ ഇവിടെ എത്തി. സ്വപ്നത്തിൽ ഏത് കാളിയെ ആണോ ഞാൻ കണ്ടത്. ഞാൻ എന്തിന് ജനിച്ചു എന്നതിന്റെ ഉത്തരം ഇവിടെ വന്നപ്പോഴാണ് എനിക്ക് കിട്ടിയത്. ഞാനല്ല ദൈവം എന്നെ തെരഞ്ഞെടുത്തതാണ്. അതിന് കാരണം ഞാൻ മുൻജന്മത്തിൽ ചെയ്ത പുണ്യമാണ്", എന്നായിരുന്നു ഭുവനേശ്വരിയുടെ വാക്കുകൾ. ഗലാട്ട തമിഴിനോട് ആയിരുന്നു ഇവരുടെ പ്രതികരണം.
കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന്, "കുടുംബ ജീവിതം എനിക്ക് മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല. എനിക്കൊരു മകനുണ്ട്. അടുത്തിടെ ആയിരുന്നു അവന്റെ വിവാഹം. എല്ലാ സ്ത്രീകൾക്കും ആഗ്രഹമുള്ളത് പോലെ എനിക്കും കുടുംബ ജീവിതം ഇഷ്ടമായിരുന്നു. പക്ഷേ അത് ശരിയായി വന്നില്ല. ആത്മീയതയായിരുന്നു എന്റെ ജീവിതം. മകനും മരുമകളും എനിക്ക് ഒരുപാട് പിന്തുണ നൽകുന്നുണ്ട്", എന്നായിരുന്നു ഭുവനേശ്വരി പറഞ്ഞത്.