Bro Daddy : 'ബ്രോ ഡാഡി' ഫസ്റ്റ് ലുക്ക് നാളെ; റിലീസ് തീയതി പ്രതീക്ഷിച്ച് ആരാധകര്‍

Published : Dec 28, 2021, 06:39 PM IST
Bro Daddy : 'ബ്രോ ഡാഡി' ഫസ്റ്റ് ലുക്ക് നാളെ; റിലീസ് തീയതി പ്രതീക്ഷിച്ച് ആരാധകര്‍

Synopsis

ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

മോഹന്‍ലാലിനെ (Mohanlal) നായകനാക്കി പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ 'ബ്രോ ഡാഡി'യുടെ (Bro Daddy) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ (First Look) നാളെയെത്തും. നാളെ വൈകിട്ട് നാലിനാണ് പോസ്റ്റര്‍ ലോഞ്ച് ചെയ്യുക. അതേസമയം ചിത്രത്തിന്‍റെ റിലീസ് തീയതി സംബന്ധിച്ചും എന്തെങ്കിലും പ്രഖ്യാപനം പോസ്റ്ററിനൊപ്പം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

'ലൂസിഫറി'നു ശേഷം അതിന്‍റെ സീക്വല്‍ ആയ 'എമ്പുരാന്‍' ആണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ചെയ്യാനിരുന്നത്. എന്നാല്‍ വന്‍ കാന്‍വാസും ബജറ്റും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ നീളുകയായിരുന്നു. പകരം ചുരുങ്ങിയ സാഹചര്യങ്ങളില്‍ ചിത്രീകരിക്കാവുന്ന 'ബ്രോ ഡാഡി' പൊടുന്നനെ പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

അതേസമയം ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് 'മരക്കാര്‍' പ്രൊമോഷനിടെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്ലാറ്റ്‍ഫോം ഏതാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പക്ഷേ ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം രസകരമായ കുടുംബചിത്രമാണെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍. കലാസംവിധാനം ഗോകുല്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്‍ണന്‍ എം ആര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. 

PREV
Read more Articles on
click me!

Recommended Stories

ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന് ആദരം; പുനരുദ്ധരിച്ച നാല് ചിത്രങ്ങൾ മേളയിൽ
നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ