ആര്യൻ ഖാന്റെ മയക്കുമരുന്ന് കേസ്; ഷാരൂഖ് അഭിനയിച്ച പരസ്യങ്ങൾ നിര്‍ത്തിവച്ച് ബൈജൂസ് ആപ്പ്

By Web TeamFirst Published Oct 9, 2021, 2:22 PM IST
Highlights

2017 മുതലാണ് ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാനെ നിയമിക്കുന്നത്.

മുംബൈ: നടൻ ഷാരൂഖ് ഖാന്‍(shahrukh khan) അഭിനയിച്ച പരസ്യങ്ങള്‍(advertisement) താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബൈജൂസ് ആപ്പ്(Byju's app). മയക്കുമരുന്ന് കേസിൽ(drug case) താരത്തിന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ തീരുമാനം. ഷാരൂഖ് അഭിനയിച്ച പരസ്യങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളില്‍(social media) വിമര്‍ശനം ഉയര്‍ന്നതോടെയാണ് ബൈജൂസ് ആപ്പ് ഇക്കാര്യം തീരുമാനിച്ചതെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ ബുക്ക് ചെയ്ത പരസ്യങ്ങളാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. ഇവ പെട്ടന്ന് നിര്‍ത്താന്‍ സമയമെടുക്കും. എന്നാൽ തന്നെയും ഈ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ബൈജൂസിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 2017 മുതലാണ് ബൈജൂസ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഷാരൂഖ് ഖാനെ നിയമിക്കുന്നത്. 4 കോടിയോളം രൂപയാണ് ബൈജൂസ് ഷാരൂഖിന് നല്‍കുന്ന വാര്‍ഷിക പ്രതിഫലം.

ബ്രാന്‍ഡ് അംബാസിഡറായി നടൻ വന്നതോടെയാണ് ആപ്പിന് സ്വീകാര്യതയേറിയത്. അതുകൊണ്ട് തന്നെ അംബാസിഡര്‍ സ്ഥാനത്ത് നിന്നും ഷാരൂഖിനെ ഒഴിവാക്കാനുള്ള സാധ്യതയും കുറവാണെന്ന് താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. 

അതേസമയം, ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കേസില്‍ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ആര്യന്‍ ഖാനെയും അര്‍ബാസ് മര്‍ച്ചന്‍റിനെയും ആര്‍തര്‍ റോഡ് ജയിലിലും മുണ്‍മൂണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലിലുമാവും പാര്‍പ്പിക്കുക.

അതിനിടെ ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന വാദവുമായി പ്രതിരോധം തീർക്കുകയാണ് ബിജെപി. 

click me!