രോഗവിവരങ്ങൾ പങ്കുവെച്ച് ഉല്ലാസ് പന്തളം.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. കോമഡി ഷോകളിലൂടെയും മറ്റും കഴിവ് തെളിയിച്ച ഉല്ലാസ് സിനിമകളിലും സജീവമായിരുന്നു. നിരവധി കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിയുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി അന്നു മുതൽ രംഗത്തുവന്നത്. ഇപ്പോൾ തന്റെ രോഗവിവരങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉല്ലാസ്. ഫെയ്സ്ബുക്ക് ലൈവിലൂടെ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം.

''കുറേക്കാലമായി ലൈവിലൊക്കെ വന്നിട്ട്. കൊവിഡ് കാലത്തൊക്കെയായിരുന്നുവെന്ന് തോന്നുന്നു ലൈവ് ചെയ്യുന്നത്. രണ്ടുമൂന്ന് വര്‍ഷമായി അങ്ങനെ ലൈവൊന്നും വരുന്നില്ലായിരുന്നു. ചികിൽസ തുടരുന്നുണ്ട്. ചെറിയ വ്യത്യാസമുണ്ട്. സുഖമായി വരുന്നു. മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്. തെറാപ്പിയും ചെയ്യുന്നുണ്ട്. നേരത്തേതിനെക്കാളും നല്ല കുറവുണ്ട്. മുഖത്ത് നല്ല കോട്ടമുണ്ടായിരുന്നു. അത് മാറി വരുന്നുണ്ട്. അതിനായി വ്യായാമമൊക്കെ ചെയ്യുന്നുണ്ട് .

എളുപ്പം സ്റ്റേജിലേക്ക് തിരികെ വരാനാണ് ആഗ്രഹം. വൈകാതെ തന്നെ ഞാന്‍ വരും. പെട്ടെന്ന് വരാനുള്ള പോരാട്ടത്തിലാണ്. ഇടത്തെ കൈയ്യിലെ വേദന മാറുന്നില്ല. അതാണ് ഇപ്പോഴുള്ളൊരു പ്രശ്‌നം. ഇടയ്‌ക്കൊരു ആയുര്‍വേദ ട്രീറ്റ്‌മെന്റ് ചെയ്തപ്പോള്‍ കുറഞ്ഞിരുന്നു. ആ സമയത്ത് കുറഞ്ഞിരുന്നു. വ്യായാമം തുടങ്ങിയപ്പോള്‍ അത് വീണ്ടും വന്നു. വിരല്‍ മടങ്ങാതിരിക്കാന്‍ ബാന്റേജ് പോലെ ഇങ്ങനെ വെച്ചിരിക്കുകയാണ്'', ഉല്ലാസ് വീഡിയോയിൽ പറഞ്ഞു.

കുട്ടിക്കാലം മുതൽ കലയോട് തല്‍പരരനായ ഉല്ലാസ് പന്തളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തുള്ള ഹാസ്യ എന്ന ട്രൂപ്പിൽ ചേർന്ന ഉല്ലാസ് അവിടെ നിന്നും പ്രഫഷണൽ മിമിക്രിയിലേക്ക് എത്തുകയായിരുന്നു. പിന്നാലെ ഒട്ടനവധി ഷോകളിൽ ഭാഗമായി സിനിമയിലും എത്തി. കുട്ടനാടന്‍ മാര്‍പ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങിയ സിനിമകളിൽ ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.