
നടന്‍ ടിനി ടോമിനെതിരെ നടി അൻസിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണ്ണമെന്ന് കോടതി. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്‍റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കേസെടുക്കാൻ നിർദ്ദേശിച്ച് ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഎന്‍എസ് 173 (5) പ്രകാരം കേസ് എടുക്കാനാണ് കടവന്ത്ര പോലീസിന് നിർദേശം നൽകിയിരിക്കുന്നത്
സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ നിലപാട്. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് 8-ാം നമ്പർ കോടതിയിൽ ആണ് കേസ് എടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. അൻസിബയുടെ മൊഴി 'ഹിയർ സേ' മാത്രമെന്നും പരാതിയില്‍ കഴമ്പില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. കടവന്ത്ര പൊലീസ് സെന്‍ട്രല്‍ എസിപിക്ക് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
താരസംഘടന അമ്മയിലെ ആഭ്യന്തര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് അന്‍സിബയുടെ പരാതി അടക്കമുള്ളവ പൊതുസമൂഹത്തിലും ചര്‍ച്ചയായത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പൊലീസില്‍ നല്‍കിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുകയാണെന്നും ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയില്‍ ഉണ്ടായിരുന്നു. തന്നെ ജിഹാദിയാക്കാന്‍ ജനപ്രതിനിധി അടക്കമുള്ളവര്‍ കൂട്ടുനിന്നുവെന്നും തന്‍റെ കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അന്‍സിബ അടുത്തിടെ എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ