
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത്, കല്യാണി പ്രിയദർശൻ നായികയായി എത്തിയ 'ലോക ചാറ്റർ 1: ചന്ദ്ര' മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രമായി എത്തിയ ലോക 5 ചിത്രങ്ങളുള്ള ഫിലിം ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ്. കല്യാണിയുടെ പ്രകടനത്തോടൊപ്പം സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളായിരുന്നു നസ്‍ലെൻ അവതരിപ്പിച്ച സണ്ണിയും ചന്തു സലിംകുമാറിന്റെ വേണു എന്ന കഥാപാത്രവും. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിംകുമാർ.
വെറുതെ കോളജിൽ പോയി ഓഡിഷൻ നടത്തി സിനിമയിലേക്ക് എടുത്ത ഒരാളല്ല നസ്‍ലെൻ എന്നും അതിന് പിന്നിൽ ഒരുപാട് കഥകളുണ്ടെന്നും ചന്തു സലിംകുമാർ പറയുന്നു. എന്നാൽ ആളുകളുടെ മൈൻഡിൽ എങ്ങനെയാണോ ഉള്ളത് അത് മാറ്റാൻ നസ്‍ലെൻ ആഗ്രഹിക്കുന്നില്ലെന്നും ചന്തു സലിംകുമാർ കൂട്ടിച്ചേർത്തു.
"ഞാനും നസ്‍ലെനും രോഹിത്തും കുര്യനും കൂടി ബാംഗ്ലൂരിലേക്ക് ഡ്രൈവ് ചെയ്ത് പോകാൻ പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ ബാംഗ്ലൂർ വരെ ഡ്രൈവ് ചെയ്യാനുള്ള മടി കാരണം ഞാൻ ഫ്ലൈറ്റ് എടുത്തു. അവസാനം നസ്‍ലെൻ മാത്രം ഒറ്റക്ക് ഡ്രൈവ് ചെയ്ത് പോയി, പക്ഷെ അവന് താല്പര്യം ഉണ്ടായിരുന്നില്ല അങ്ങനെ പോകാൻ. രോഹിത്തിനും കുര്യനും ആയിരുന്നു ഏറ്റവും താല്പര്യം, പക്ഷെ അവന്മാരും ഒഴിഞ്ഞിട്ട് ഫ്ലൈറ്റ് പിടിച്ച് പോയി. അപ്പോൾ തിരിച്ച് വരുമ്പോൾ നസ്‍ലെൻ ഒറ്റക്കാവരുത് എന്നെനിക്ക് ഉണ്ടായിരുന്നു." ചന്തു സലിംകുമാർ പറയുന്നു.
"അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും കൂടിയാണ് ഇങ്ങോട്ട് വന്നത്. അങ്ങനെ ബാംഗ്ലൂർ നിന്ന് വണ്ടി ഓടിച്ച് വരുന്ന വഴിക്ക് നസ്‍ലെൻ അവന്റെ കഥകൾ എന്നോട് പറഞ്ഞു, ഞാനെന്റെ കഥകൾ അവനോടും പറഞ്ഞു. നസ്‍ലെന്റെ കഥകൾ എന്ന് പറയുമ്പോൾ വലിയ കുറേ സംഭവങ്ങളുണ്ട്, ഇപ്പോൾ പ്രേക്ഷകർ കാണുന്ന നസ്‍ലെൻ ഒന്നുമല്ല, അതിന്റെ പിറകിൽ വേറൊരു നസ്‍ലെൻ ഉണ്ട്. അവൻ സിനിമയിൽ വരാൻ ഉണ്ടായ സാഹചര്യങ്ങൾ ഉണ്ട്. വെറുതെ കോളേജിൽ പോയി ഓഡിഷൻ നടത്തി ഒരുത്തനെ സിനിമയിൽ പിടിച്ച് നിർത്തിയതൊന്നുമല്ല!" ചന്തു കൂട്ടിച്ചേർത്തു.
"അതിനെല്ലാം ഓരോരോ കഥകളുണ്ട്, പക്ഷെ അവന് അതൊന്നും ആൾക്കാരോട് പറയാനൊന്നും താല്പര്യം ഇല്ല. ആൾക്കാരുടെ മൈൻഡിൽ ഇപ്പോൾ എങ്ങനെയാണോ അത് മെയ്ന്റയിൻ ചെയ്യുക എന്നേ അവൻ ചിന്തിക്കുന്നുള്ളു അല്ലാതെ അതിന്റെ പിന്നിൽ എത്ര കഷ്ടപ്പാട് ഉണ്ടായിരുന്നു എന്നൊന്നും പറയാൻ കൂടി താല്പര്യപ്പെടുന്നില്ല. ഞങ്ങളുടെ സൗഹൃദം അന്ന് തുടങ്ങി വലിയൊരു ബോണ്ടിലേക്ക് മാറിയതാണ്." ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ചന്തുവിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ