എസ് എസ് രാജമൗലിയുടെ പുതിയ ബ്രഹ്മാണ്ഡ ചിത്രം 'വാരണാസി'യുടെ 80 ശതമാനം ചിത്രീകരണം പൂർത്തിയായി.

ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എസ് എസ് രാജമൗലിയുടെ വാരണാസി. ബാഹുബലി സംവിധായകന്‍റെ ബിഗ് കാന്‍വാസ് ചിത്രം എന്നത് തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയാണ് നായിക. ഇന്ത്യന്‍ ബിഗ് സ്ക്രീനിലേക്കുള്ള പ്രിയങ്ക ചോപ്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. പ്രതിനായകനാവുന്നതാവട്ടെ പൃഥ്വിരാജ് സുകുമാരനും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് രാജമൗലി. പൂര്‍ണ്ണമായും ഐമാക്സില്‍ ചിത്രീകരിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായിരിക്കും വാരണാസിയെന്ന് രാജമൗലി പറയുന്നു. സിനിമയുടെ 80 ശതമാനം ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞെന്നും.

വാരണാസിയില്‍ നിന്ന് അന്‍റാര്‍ട്ടിക്കയിലേക്കും അവിടെനിന്ന് ആഫ്രിക്കയിലേക്കും പുരാതന റഓമിലേക്കും തിരിച്ച് വാരണാസിയിലേക്കുമൊക്കെ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്‍റേതെന്നും രാജമൗലി പറയുന്നു. ഒരു യൂറോപ്യന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യങ്ങള്‍ പറയുന്നത്. ചിത്രത്തിന്‍റെ 80 ശതമാനം ഭാഗങ്ങള്‍ ഇതിനകം ചിത്രീകരിച്ചു കഴിഞ്ഞെന്നും ബിഗ് സ്കെയില്‍ ഐമാക്സ് ആക്ഷന്‍ സീക്വന്‍സുകളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും താരതമ്യേന ചെറിയ രംഗങ്ങളുടെ ചിത്രീകരണമാണ് അവശേഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അവശേഷിക്കുന്ന 20 ശതമാനം ഭാഗങ്ങളുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചിട്ടുണ്ട്. ദസറയ്ക്ക് മുന്‍പ് ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് രാജമൗലിയും സംഘവും ലക്ഷ്യമിടുന്നത്. ഇത്ര വലിയ ചിത്രം സമയത്ത് പൂര്‍ത്തീകരിക്കാനായി ചിത്രീകരണത്തിനൊപ്പം പോസ്റ്റ് പ്രൊഡക്ഷനും നടത്തുന്നുണ്ട് രാജമൗലി. ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ഓരോ സീക്വന്‍സും അപ്പോള്‍ത്തന്നെ എഡിറ്റ് ചെയ്ത് വിഷ്വല്‍ എഫക്റ്റ്സ് ടീമിന് അയക്കുകയാണ് ചെയ്യുന്നതെന്നും രാജമൗലി പറയുന്നു.

512 സിഇ മുതല്‍ 2071 വരെ നീളുന്ന കാലഘട്ടമാണ് രാജമൗലിയുടെ ഈ മാഗ്നം ഓപസില്‍ കടന്നുവരുന്നത്. ശ്രീ ദുര്‍ഗ ആര്‍ട്സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പേര് പോലെ തന്നെ വാരണാസി നഗരത്തിന്‍റെ കഥയാണ് ഈ രാജമൗലി ചിത്രം പറയുന്നത്. ഈ നഗരത്തിന്‍റെ ഭാവിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഒരു ഭീമന്‍ ഛിന്നഗ്രഹം വരികയാണ്. ശിവഭക്തനായ രുദ്ര എന്ന കഥാപാത്രത്തെയാണ് മഹേഷ് ബാബു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതിന് പുറമെ ഒരു പ്രത്യേക സീക്വന്‍സില്‍ ശ്രീരാമനായും മഹേഷ് ബാബു സ്ക്രീനില്‍ എത്തും. ഓസ്കര്‍ ജേതാവായ സംഗീത സംവിധായകന്‍ എം എൺ കീരവാണി രാജമൗലിക്കൊപ്പം വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain