കരിയറിന്റെ തുടക്കത്തിൽ സൂര്യയേക്കാൾ മൂന്നിരട്ടി പ്രതിഫലം വാങ്ങിയിരുന്നതായി ജ്യോതിക പറയുന്നു.
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരജോഡിയാണ് സൂര്യ- ജ്യോതിക. കരിയറിന്റെ തുടക്കകാലത്ത് നിരവധി സിനിമകളിൽ ഒരുമിച്ചഭിനയിച്ച ഇരുവരും വിവാഹത്തിന് ശേഷം ഒരുമിച്ചുള്ള സിനിമ ഉണ്ടായിട്ടില്ല. അതേസമയം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ നിന്നും മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശൈത്താൻ, ശ്രീകാന്ത് എന്നീ ബോളിവുഡ് ചിത്രങ്ങളിൽ മികച്ച പ്രകടനം കഴിഞ്ഞ വര്ഷം ജ്യോതിക കാഴ്ചവച്ചിരുന്നു. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം കാതൽ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലും ജ്യോതിക എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് താൻ സിനിമകളിൽ നിന്നും വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. 'ആ സമയത്ത് എനിക്ക് സൂര്യയുടേതിനേക്കാള്‍ മൂന്ന് മടങ്ങ് പ്രതിഫലം ലഭിച്ചിരുന്നു' എന്നാണ് ജ്യോതിക പറയുന്നത്. ഇതിനൊപ്പം തന്നെ ഇന്ന് തനിക്ക് അതിനേക്കാൾ 30 മടങ്ങ് കുറവാണെന്നും തമാശരൂപേണ ജ്യോതിക പറയുകയുണ്ടായി. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജ്യോതികയുടെ പ്രതികരണം. അതേസമയം സോനാക്ഷി സിൻഹ, അശുതോഷ് ഗൗരിക്കർ എന്നിവരുടെ കൂടെ എത്തുന്ന സിസ്റ്റം എന്ന ചിത്രമാണ് ജ്യോതികയുടെ ഏറ്റവും പുതിയ സിനിമ. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
സൂര്യ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസായി 2026 ഓഗസ്റ്റ് 14 നാണ് എത്തുന്നത്. ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.



