
കൗതുകമുണര്‍ത്തുന്ന കാസ്റ്റിംഗ് കോമ്പിനേഷനുമായി ഒരു പുതിയ മലയാളചിത്രം വരുന്നു. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ചാള്‍സ് എന്‍റര്‍പ്രൈസസ് (Charles Enterprises) എന്നാണ് പേരിട്ടിരിക്കുന്നത്. ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ബേസില്‍ ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് ചിത്രത്തിന്റേത്. മെട്രോ റെയില്‍ അടക്കം കടന്നുവരുന്ന നഗര പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഗണപതിയുടെ സ്കെച്ച് ആണ് പോസ്റ്റര്‍. മോഹന്‍ലാല്‍ ആണ് ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്. ഡോ. അജിത് ജോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം പ്രദീപ് മേനോന്‍ ആണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം മനു ജഗത്ത്, സംഗീതം സുബ്രഹ്മണ്യന്‍ കെ വി, എഡിറ്റിംഗ് അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരന്‍, ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍, മേക്കപ്പ് സുരേഷ്, സ്റ്റില്‍ ഫോട്ടോഗ്രഫി ഫസലുള്‍ ഹക്ക്, പരസ്യകല യെല്ലോടൂത്ത്സ്.
മിന്നല്‍ മുരളിയിലെ പ്രതിനായകന്‍ ഷിബുവിനെ അവതരിപ്പിച്ച് മലയാളി സിനിമാപ്രേമികളുടെ കൈയടി നേടിയ ആളാണ് തമിഴ് താരം ഗുരു സോമസുന്ദരം. ടൊവീനോയ്ക്കും ബേസിലിനുമൊപ്പം ചിത്രം കൊണ്ട് ഏറ്റവും നേട്ടമുണ്ടായ മറ്റൊരാള്‍ ഗുരു ആയിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലും അദ്ദേഹം ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം തിയറ്ററില്‍ വന്‍ വിജയം നേടിയ ജാന്‍ എ മന്‍ ആണ് ബാലു വര്‍ഗീസിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ബാലു വര്‍ഗീസ് അവതരിപ്പിച്ചുപോരുന്ന കഥാപാത്രങ്ങളില്‍ നിന്നൊക്കെ വേറിട്ടതായിരുന്നു ജാന്‍ എ മന്നിലെ മോനിച്ചന്‍.
അതേസമയം ആറാട്ട് ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ നായകനായെത്തിയ മാസ് എന്‍റര്‍ടെയ്നര്‍ സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണന്‍ ആയിരുന്നു. ഉദയകൃഷ്ണയുടേതായിരുന്നു തിരക്കഥ. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ആറാട്ടിന്‍റെ ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
'കള്ളക്കേസ് എന്നുവരെ പ്രചരണമുണ്ടായി'; അന്തിമഫലം വരെ പോരാടുമെന്നും ഭാവന
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാന്‍, ഷാജി കൈലാസിന്‍റെ എലോണ്‍, വൈശാഖിന്‍റെ മോണ്‍സ്റ്റര്‍ എന്നിവയാണ് മോഹന്‍ലാലിന്‍റേതായി അടുത്ത് പുറത്തെത്തുന്ന ചിത്രങ്ങള്‍. ഒപ്പം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും. ജീത്തുവിന്‍റെ തന്നെ റാം, പൃഥ്വിരാജിന്‍റെ എമ്പുരാന്‍ എന്നിവയും പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ