
ചെന്നൈ: താനും മക്കളും നേരിടുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് ഗായിക ചിന്മയി ശ്രീപദ. തന്‍റെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരെ കുറിച്ചാണ് ചിന്മയി പറഞ്ഞത്. തന്‍റെ കുഞ്ഞുങ്ങളെ പോലും വെറുതെ വിടുന്നില്ലെന്നും അവരെ കൊല്ലുമെന്നു വരെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചെന്നും ചിന്മയി പറഞ്ഞു. കുറച്ച് ദിവസം മുൻപ് ചിന്മയിയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവുമായ രാഹുൽ രവീന്ദ്രൻ താലി (മംഗൾസൂത്ര) ധരിക്കുന്നതിനെ കുറിച്ച് ഒരു പരാമർശം നടത്തിയതിന് പിന്നാലെയാണ് നിലവിലെ ഓണ്‍ലൈൻ ആക്രമണമെന്ന് ചിന്മയി പറഞ്ഞു.
"അവർക്ക് ഇഷ്ടമില്ലാത്ത, എന്നെപ്പോലെയുള്ള സ്ത്രീകൾക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാകരുത് എന്നാണ് ആ ആൺകൂട്ടങ്ങൾ പറയുന്നത്. എങ്ങാനും കുട്ടികളുണ്ടായാൽ ആ കുട്ടികൾ മരിക്കണം എന്നാണ് ചിലർ ട്വിറ്ററിൽ എഴുതിയിരിക്കുന്നത്. ഇത് കണ്ട് കൈയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്നു മറ്റു ചിലർ. ചില പോസ്റ്റുകൾക്കെതിരെ ഞാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്"- ചിന്മയി പറഞ്ഞു.
ഇന്ന് കണ്ട ഒരു പോസ്റ്റിൽ തന്‍റെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രം പ്രചരിപ്പിക്കുന്നതാണ് കണ്ടതെന്ന് ചിന്മയി പറഞ്ഞു. സ്ത്രീകൾ സൈബറിടങ്ങളിൽ എന്താണ് നേരിടേണ്ടി വരുന്നതെന്ന് വ്യക്തമാക്കാനാണ് ഈ പോസ്റ്റിട്ടതെന്നും ചിന്മയി പറഞ്ഞു. പൊതു ഇടങ്ങളിൽ നിന്ന് സ്ത്രീകളെ പുറത്താക്കാനാണ് ഇതുപോലുള്ള പുരുഷന്മാർ ഇങ്ങനെ ചെയ്യുന്നതെന്നും ചിന്മയി വിമർശിച്ചു. പുരുഷന്മാർ അവർക്ക് ഇഷ്ടമില്ലാത്ത സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ സാങ്കേതികവിദ്യയുടെ കൂട്ടുപിടിക്കുകയാണ്. മുൻപ് വേശ്യകൾ എന്നു വിളിച്ച് ആക്ഷേപിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ ഇന്നത് മോർഫ് ചെയ്യുന്നതിലേക്ക് മാറിയിട്ടുണ്ടെന്നും ചിന്മയി ചൂണ്ടിക്കാട്ടി.
ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ സ്വയം സഹിക്കാതെ നിയമ നടപടി സ്വീകരിക്കണമെന്നും ചിന്മയി പ്രതികരിച്ചു. ലോണ്‍ ആപ്പുകളില്‍ നിന്നും മറ്റും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടായതായി അറിഞ്ഞു. ഇതൊന്നും കണ്ട് ഭയക്കരുത്. ഇത്തരം ഫോട്ടോകള്‍ ഉണ്ടാക്കുന്നവര്‍ക്ക് നല്ല സ്ത്രീ സുഹൃത്തുക്കൾ ഉണ്ടാവില്ല. നിരാശയാണ് അവരെ ഇത്തരം പോസ്റ്റുകള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ചിന്മയി പറഞ്ഞു
‘ദ് ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിന്‍റെ പ്രമോഷൻ ഇന്‍റർവ്യൂകൾക്കിടെ ചിന്മയിയുടെ ഭർത്താവ് രാഹുൽ രവീന്ദ്രൻ മംഗൾസൂത്രയെക്കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്- ‘ഞങ്ങളുടെ വിവാഹശേഷം, മംഗൾസൂത്ര ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ചിന്മയി ആണന്ന് ഞാൻ പറഞ്ഞു. അത് ധരിക്കരുതെന്നാണ് എന്റെ അഭിപ്രായമെന്നും ഞാൻ പറഞ്ഞു. കാരണം പുരുഷന്മാർ വിവാഹിതരാണെന്നതിന്റെ അടയാളം കൊണ്ടുനടക്കാതിരിക്കുകയും സ്ത്രീകൾ അതിന് നിർബന്ധിതരാവുകയും ചെയ്യുന്നത് ശരിയല്ല.’ എന്നാണ് രാഹുൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രാഹുലിനും ചിന്മയിക്കും മക്കൾക്കും എതിരെ സൈബർ ആക്രമണുണ്ടായത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ