നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്‍റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ പങ്കുവച്ച് നടി ഡയാന ഹമീദ്
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞ് നടി ഡയാന ഹമീദ്. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ഭരണത്തില്‍ തനിക്ക് അതൃപ്തിയൊന്നുമില്ലെന്നും എങ്കിലും ഭരണമാറ്റത്തില്‍ ജനത്തിന് താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ സംഭവിക്കട്ടെയെന്നും ഡയാന പ്രതികരിച്ചു. യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. യുഡിഎഫ് ഭരണത്തില്‍ വരികയാണെങ്കില്‍ ആര് മുഖ്യമന്ത്രി ആവണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് അത് അവര്‍ പോലും തീരുമാനിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നാണ് മറുപടി.
“എനിക്ക് തോന്നുന്നു അത് അവര്‍ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്ന്. അത് പാര്‍ട്ടി ആയിരിക്കുമല്ലോ തീരുമാനിക്കുന്നത്. യുവ നേതാക്കള്‍ ആരെങ്കിലും വരട്ടെ എന്നാണ് എന്‍റെ ആഗ്രഹം”, ഡയാന ഹമീദ് പറയുന്നു. വി ഡി സതീശന്‍ നല്ല നേതാവാണോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ശക്തമായ പ്രതികരണങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് മറുപടി. പിണറായി വിജയനാണോ ഉമ്മന്‍ ചാണ്ടിയാണോ നല്ല നേതാവെന്ന ചോദ്യത്തിന് ഡയാന ഹമീദിന്‍റെ പ്രതികരണം ഇങ്ങനെ- “ജനപ്രിയന്‍ എന്നും ഉമ്മന്‍ ചാണ്ടി സാര്‍ ആണെന്ന് തോന്നുന്നു. നേതാവ് എന്നതിനേക്കാളുപരി അദ്ദേഹത്തോട് വലിയൊരു സ്നേഹം നമുക്ക് ഉണ്ട്. പിണറായി സാറിനെ ഒരു റഫ് ആന്‍ഡ് ടഫ് നേതാവായിട്ടാണ് കാണുന്നത്. പക്ഷേ ഒരു ശക്തനായ നേതാവ് എന്ന് പറയുന്നത് പിണറായി സാര്‍ ആണ്”, ഡയാന ഹമീദിന്‍റെ പ്രതികരണം. ബിഗ് ബോസ് മുന്‍ താരങ്ങളായ അഖില്‍ മാരാരും റോബിന്‍ രാധാകൃഷ്ണനും ബിജെപിയില്‍ എത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് അവരുടെ വ്യക്തിപരമായ തീരുമാനമല്ലേയെന്ന് മറുചോദ്യം ചോദിക്കുന്നു ഡയാന.
അതേസമയം കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.

