
തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ കാസ്റ്റിങ്ങ് കൗച്ച് ഇല്ലെന്ന ചിരഞ്ജീവിയുടെ വാദത്തിനെതിരെ ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. കാസ്റ്റിങ്ങ് കൗച്ച് സിനിമയിൽ വ്യാപകമായി നിലനിൽക്കുന്നുണ്ടെന്നും സിനിമയിൽ പൂർണ്ണ സഹകരണം എന്നതിന് മറ്റ് പല അർത്ഥങ്ങളുമാണ് ഉള്ളതെന്നും അവകാശമുണ്ടെന്ന് വിശ്വാസത്തിൽ പുരുഷന്മാർ തുടരുന്ന കാലത്തോളം പുരുഷന്മാർ സ്ത്രീകളിൽനിന്ന് ലൈംഗികസഹകരണം ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യുമെന്നും ചിന്മയി പറയുന്നു. വനിതാ സഹതാരങ്ങൾ സുഹൃത്തുക്കളോ കുടുംബ സുഹൃത്തുക്കളോ ആയിരുന്ന കാലത്തുനിന്നാണ് ചിരഞ്ജീവി വരുന്നതെന്നും ചിന്മയി ഓർമ്മിപ്പിച്ചു.
സ്ത്രീകൾ സ്ട്രിക്റ്റ് ആയി നിന്നാൽ ആരും മോശമായി പ്രവർത്തിക്കില്ലെന്നും തെലുങ്ക് സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് നിലനിൽക്കുന്നില്ലെന്നുമായിരുന്നു ചിരഞ്ജീവിയുടെ വാദം. തന്റെ പുതിയ ചിത്രത്തിൻറെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ചിരഞ്ജീവി പ്രതികരിച്ചത്. ഇതിന് പിന്നാലെ ചിരഞ്ജീവി വേദിയിൽ വച്ച് പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപ്പിടിക്കുന്നു വീഡിയോയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
"കാസ്റ്റിങ് കൗച്ച് സിനിമയിൽ വ്യാപകമാണ്. പൂർണ്ണമായും സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കപ്പെടുന്നു. സിനിമാ ഇൻഡസ്ട്രിയിൽ 'പൂർണ്ണ സഹകരണം' എന്നതിന് വേറെ അർഥമാണുള്ളത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പശ്ചാലത്തിൽനിന്ന് വരുന്ന ഒരാൾക്ക് 'പ്രതിബദ്ധത' എന്നാൽ, 'പ്രൊഫഷണലിസം' എന്നാണ് മനസിലാവുക. ജോലിക്ക് കൃത്യമായി വരിക, കഴിവിൽ വിശ്വസിക്കുക എന്നാണെങ്കിൽ നിങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് അർഥം അവകാശമുണ്ടെന്ന് വിശ്വാസത്തിൽ പുരുഷന്മാർ തുടരുന്ന കാലത്തോളം പുരുഷന്മാർ സ്ത്രീകളിൽനിന്ന് ലൈംഗികസഹകരണം ആവശ്യപ്പെടുകയും പ്രതീക്ഷിക്കുകയും ചെയ്യും." ചിന്മയി പറയുന്നു.
ഒരു സംഗീതജ്ഞയെ സ്റ്റുഡിയോയിൽ ലൈംഗികമായ ആക്രമിക്കാൻ ശ്രമിച്ച ആളെ എനിക്കറിയാം. അയാളിൽനിന്ന് രക്ഷപ്പെടാനായി അവർക്ക് സൗണ്ട് ബൂത്തിൽ തുടരേണ്ടിവന്നു. പിന്നീട് മറ്റൊരു മുതിർന്ന വ്യക്തി വന്നാണ് അവളെ രക്ഷപ്പെടുത്തിയത്. അതിനുശേഷം അവർ ആ ജോലി ഉപേക്ഷിച്ചു. തനിക്ക് അവകാശമുണ്ടെന്ന തോന്നലിൽ മോശമായി പെരുമാറുന്ന, ലിംഗത്തിന്റെ ചിത്രങ്ങൾ അയയ്ക്കുന്ന, സെക്സ് ആവശ്യപ്പെടുന്ന ഈ ഗായകനെപ്പോലെയുള്ള സ്ഥിരം കുറ്റവാളികൾക്ക് യാതൊരു ഖേദവുമില്ലാതെ പ്രേക്ഷകർ പിന്തുണ നൽകുമെന്നും ചിന്മയി കൂട്ടിച്ചേർത്തു.
"സിനിമാ മേഖല നിങ്ങളെന്താണെന്നത് പ്രതിഫലിപ്പിക്കുന്ന ഇടമല്ല. വൈരമുത്തു എന്നെ ലൈംഗികമായി പീഡിപ്പിച്ചത് ഞാൻ അത് ആവശ്യപ്പെട്ടതുകൊണ്ടല്ല. കൗമാരം വിട്ടൊഴിയാത്ത ഞാൻ അദ്ദേഹത്തെ മാർഗദർശിയായും ഇതിഹാസ ഗാനരചയിതാവും ബഹുമാനിച്ചു. വിശ്വസിക്കാൻ കഴിയാത്ത 'വയസ്സൻ' ആണ് അദ്ദേഹമന്ന് ഞാൻ കരുതിയില്ല. എന്റെ അമ്മ അടുത്തുതന്നെയുണ്ടായിട്ടും അയാളെന്ന ഉപദ്രവിച്ചു. ഇത്തരം പുരുഷന്മാർക്ക്, അടുത്തൊരു രക്ഷിതാവുണ്ടായിട്ടും യാതൊരു മാറ്റവുമില്ല. ജോലി നൽകുന്നതിന് പ്രതിഫലമായി ലൈംഗികമായി സഹകരിക്കണമെന്ന് പുരുഷന്മാർ വിശ്വസിക്കുന്നിടത്താണ് പ്രശ്‌നം." ചിന്മയി പറയുന്നു. എക്‌സിൽ പങ്കുവച്ച കുറിപ്പിലായിഉർന്നു ചിന്മയിയുടെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ