
മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള ലോകോത്തര സിനിമകൾക്ക് വേദിയാകുമ്പോൾ, മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശവുമായി മേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്റർ പരിസരം ശ്രദ്ധാകേന്ദ്രമാകുന്നു. സിനിമ സിരകളിലൊഴുകുന്ന ആവേശത്തിനൊപ്പം, സഹജീവികൾക്കായി ജീവന്റെ തുള്ളികൾ പകർന്നുനൽകാൻ ആഹ്വാനം ചെയ്യുന്ന 'സിനി ബ്ലഡ്' രക്തദാന അവബോധ പരിപാടിയാണ് ടാഗോറിൽ ഒരുക്കിയിട്ടുള്ളത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, കേരള പോലീസിന്റെ 'പോൾ ബ്ലഡ്' വിഭാഗം, കേരള ചലച്ചിത്ര അക്കാദമി എന്നിവ സംയുക്തമായി ഒരുക്കുന്ന ഈ ജീവൻരക്ഷാ ദൗത്യം, ചലച്ചിത്ര ആസ്വാദനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി ഓർമ്മിപ്പിക്കുന്ന വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ഇത്തവണ കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയും ജനപങ്കാളിത്തത്തോടെയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി സന്നദ്ധ രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, രക്തദാനത്തെക്കുറിച്ചുള്ള സംശയങ്ങളും ഭയങ്ങളും മാറ്റിയെടുക്കുക, ഒരു ബ്ലഡ് ബാങ്കിൽ നടക്കുന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സിനി ബ്ലഡ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം ടാഗോർ തിയറ്റർ കോമ്പൗണ്ടിൽ തുടക്കം കുറിച്ച ഈ സംരംഭം, ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. കൂടാതെ, കേന്ദ്രസർക്കാരിൻ്റെ പ്രതിനിധികൾ മേളയുടെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നു എന്നുള്ളതും സിനി ബ്ലഡിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഡിസംബർ 12 മുതൽ 19 വരെ രാവിലെ 10 മുതൽ ഉച്ച 1 വരെ കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ടീമിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പും നടത്തുന്നുണ്ട്.
കേരളത്തിൽ പ്രതിവർഷം ഏകദേശം 6 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. പഠനങ്ങൾ അനുസരിച്ച്, കേരളത്തിൽ ശേഖരിക്കുന്ന രക്തത്തിൻ്റെ 60 മുതൽ 70 ശതമാനം വരെയും യുവജനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. 40 വയസ്സിന് ശേഷം ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം രക്തം നൽകാൻ സാധിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ, യുവതലമുറ സജീവമായി മുന്നോട്ട് വരണം എന്ന സന്ദേശമാണ് സിനി ബ്ലഡ് നൽകുന്നത്.
രക്തദാനത്തെ സംബന്ധിച്ച് അവബോധം സ്യഷ്ടിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള ഗെയിമിംഗ് സോണാണ് സ്റ്റാളിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. രക്തഗ്രൂപ്പ് തിരിച്ചറിഞ്ഞ് ഡാർട്ട് എയ്മ് ചെയ്യുന്ന ഗെയിമും, ഒരു രോഗിക്ക് രക്തം നൽകുന്ന പ്രക്രിയയുടെ പ്രാധാന്യം ലഘൂകരിച്ച് അവതരിപ്പിക്കുന്ന വെർച്വൽ ഗെയിമും ഇവിടെ ഒരുക്കിയിട്ടുണ്ട്. സങ്കീർണ്ണമെന്ന് കരുതുന്ന രക്തദാനം എത്രത്തോളം ലളിതമായ പ്രക്രിയയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
2020 മുതൽ സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിൽ കെഎസ്ബിടിസിയുടെ പ്രധാന പങ്കാളിയായ കേരള പോലീസിൻ്റെ പോൾ ബ്ലഡ് വിംഗ്, സംസ്ഥാനത്തൊട്ടാകെയുള്ള 11 കൺട്രോൾ റൂമുകൾ വഴി ഈ ദൗത്യത്തിന് പിന്തുണ നൽകുന്നു. മേളയിൽ എത്തുന്ന എല്ലാവരും ഈ ജീവൻ രക്ഷാ ദൗത്യത്തിൽ ഭാഗമാവണം എന്ന ആഹ്വാനത്തോടെയാണ് സിനി ബ്ലഡ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കെഎസ്ബിടിസി വൈസ് ചെയർമാൻ ഡോ. പിയൂഷ് എൻ നമ്പൂതിരിപ്പാട്, കേരള പോലീസ് പോൾ ബ്ലഡ് പദ്ധതി നോഡൽ ഓഫീസർ ഷഹൻഷ, ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ