
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ഗുണ എന്ന കമൽഹാസൻ സിനിമയും ചർച്ചയാകുകയാണ്. കൊടൈക്കനാലിലെ ഗുണാ കേവിൽ ആയിരുന്നു ഈ സിനിമയും ഷൂട്ട് ചെയ്തത്. ഗുണയുടെ ഛായാഗ്രാഹകൻ മലയാളി കൂടിയായ വേണു ആണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗുണാ കേവ് വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുമ്പോൾ അന്നത്തെ ഷൂട്ടിംഗ് എക്സ്പീരിയൻസിനെ കുറിച്ച് പറയുകയാണ് വേണു.
വേണുവിന്റെ വാക്കുകൾ ഇങ്ങനെ
ഗുണാ കേവ് അങ്ങനെ ആളുകൾ പോകുന്ന സ്ഥലം ആയിരുന്നില്ല. വളരെ വൈൽഡ് ആയിട്ടുള്ള സ്ഥലം ആയിരുന്നു അത്. അതിന്റെ അടുത്ത് എത്തിപ്പെടുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. ആൾ സഞ്ചാരം തന്നെ ഇല്ല. അവിടെ ഗുണ ഷൂട്ട് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആദ്യം എല്ലാവരും എതിർത്തിരുന്നു. എന്നോട് ഷൂട്ടിംഗ് നടക്കുമോന്ന് ചോദിച്ചു. ഞാൻ നടക്കായ്ക ഒന്നുമില്ലെന്നും ബുദ്ധിമുട്ടാണെന്നും പറഞ്ഞു. അങ്ങനെയാണ് ഗുണ തുടങ്ങിയത്. അന്ന് റോഡൊന്നും ഇല്ല. നടന്നായിരുന്നു പോയിരുന്നത്. എല്ലാം മാനുവലായി തന്നെ ചെയ്തു. ഞാൻ ഈ പടം ചെയ്യുന്നില്ല എന്ന് പറഞ്ഞ് പ്രൊഡ്യൂസർ ആദ്യം തിരിച്ചു പോയതാണ്. പിന്നെ ജോലി ചെയ്യുന്ന മണിക്കൂർ കുറച്ചു. സാധനങ്ങൾ കൊണ്ടുവരാനും തിരിച്ച് കൊണ്ടുപോകാനും സമയം എടുത്തു. ദിവസവും മൂന്ന് നാല് മണിക്കൂറാണ് ഷൂട്ട് ചെയ്തത്. മൂന്ന് മണിക്കൂറൊക്കെ കഷ്ടിയാണ്. ജോലിക്കാർക്ക് കൂടുതൽ കൊടുത്തു. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല. പൈസ കൂടുതൽ കിട്ടിയാലും ജീവൻ ജീവൻ തന്നെയാണ്. റോപ്പിൽ കിടന്നൊന്നും ഞാൻ ഷൂട്ട് ചെയ്തില്ല. അതിന്റെ ആവശ്യവും വന്നിട്ടില്ല. റോപ്പിൽ തൂങ്ങിക്കിടന്ന് ടാർസൺ ആയിട്ടൊന്നും ഞാൻ ഷൂട്ട് ചെയ്തില്ല.
ഗുണാ കേവിൽ മനുഷ്യന്റെ അസ്ഥികൂടം ഒന്നും കാണാൻ സാധ്യതയില്ല. അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കിൽ ചുമ്മാ പറയുന്നതാ. അങ്ങനെയുള്ള സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തിട്ടുമില്ല. ശിക്കാറൊക്കെ ഏറ്റവും പുറത്തുള്ള ഭാഗത്താണ് ഷൂട്ട് ചെയ്തത്. അങ്ങനെ വലിയ പ്രേതാലയം ഒന്നുമല്ല ഗുണാ കേവ്. ഫിസിക്കൽ ഡെയ്ഞ്ചർ ആണ് അവിടുത്തെ പ്രശ്നം. കാല് തെന്നിയാൽ വീഴുന്നത് നേരെ താഴേക്ക് ആയിരിക്കും. പിന്നെ ചലഞ്ച് ഏറ്റെടുക്കുക എന്നത് ഒരു ത്രില്ലാണ്. കമൽഹാസനൊക്കെ ആ വകുപ്പിൽ പെടുന്നതാണ്. അന്നത്തെ കാലത്ത് ഗുണ ഒരു ഹിറ്റ് സിനിമയല്ല. അതുകൊണ്ട് ആ കാലത്ത് വലിയ ചിന്തയൊന്നും ആളുകൾ കൊടുക്കില്ല. ഗുണ ഹിറ്റായെന്ന് ഇപ്പോൾ വേണമെങ്കിൽ പറയാം.
പെരുമയായിറിക്ക്, മൊഴിയല്ലങ്കേ കല മട്ടുംതാ മുഖ്യേം: 'മഞ്ഞുമ്മലി'നെ പുകഴ്ത്തി വെങ്കട് പ്രഭു
ഗുണാ കേവിൽ ഞങ്ങൾ അന്ന് പോകുമ്പോൾ അവിടെ മനുഷ്യൻ കാലുകുത്തിയിട്ട് 100കണക്കിന് വർഷം ആയിക്കാണും. അതുപോലെയായിരുന്നു അവിടം. ഇലകളെല്ലാം അടിഞ്ഞ് കിടക്കുന്നു. ചവിട്ടിയാൽ മുട്ടുവരെ ചീഞ്ഞ ഇലകളാണ്. ആ കുഴിയിൽ നിന്നും മീഥേൻ ഗ്യാസ് വരുന്നുണ്ടായിരുന്നു. അത് കത്തുന്നതാണ്. ആരും തീ കത്തിക്കരുതെന്ന് കമൽഹാസൻ പറഞ്ഞു. തീ പിടിച്ചിരുന്നേൽ ഭയങ്കരമായി കത്തിയേനെ. ഗുണയ്ക്ക് ശേഷം പിന്നീട് ഞാൻ അങ്ങോട്ട് പോയിട്ടില്ല. സൂപ്പർ നാച്വറൽ അല്ലെങ്കിൽ പാരാ നാച്വറൽ എന്ന് പറയുന്ന കാര്യങ്ങളോട് വിശ്വാസം ഇല്ലാത്ത ആളാണ്. അതുകൊണ്ട് പേടിയും എനിക്ക് തേന്നില്ല. അങ്ങനെ അല്ലാത്തവർക്ക് പേടി തോന്നാം. ഇന്നാണെങ്കിൽ ഗുണാ കേവിൽ പോകേണ്ട ശാരീരിക ശക്തിയില്ല എനിക്ക്. ഗുണാ കേവിൽ എന്തായാലും ഞാൻ പോകില്ല. ഒരുതവണ ഞങ്ങൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദ ഫോർത്തിനോട് ആയിരുന്നു വേണുവിന്റെ വെളിപ്പെടുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..