തമിഴ്നാട്ടിൽ തമിഴ് സിനിമകളെക്കാൾ വലിയ രീതിയിൽ മഞ്ഞുമ്മല്‍ ബോയ്സ് ഓടുന്നുവെന്നും സംവിധായകന്‍.
നല്ല സിനിമ ആണെങ്കിൽ, ഏത് ഭാഷ ആണെങ്കിലും അത് പ്രേക്ഷകർ ഏറ്റെടുക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആയിരിക്കുകയാണ് മലയാള ചലച്ചിത്ര ലോകം ഇപ്പോൾ. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾ ഇപ്പോൾ കാലദേശ, ഭാഷകളെ ഭേദിച്ച് കൊണ്ട് മുന്നേറുകയാണ്. ഇതിൽ മഞ്ഞുമ്മൽ ബോയ്സിന് തമിഴ്നാട്ടിൽ ലഭിച്ചിരിക്കുന്ന ഖ്യാതി വളരെ വലുതാണ്. ഒരു സൂപ്പർ താരവുമില്ലാതെ യുവതാരങ്ങൾ ഒന്നിച്ചെത്തി കസറിയ ഈ സർവൈവൽ ചിത്രം, ഇതുവരെയും ഒരു മലയാള സിനിമയ്ക്കും തമിഴകത്ത് ലഭിക്കാത്ത കളക്ഷൻ നേടുമെന്നാണ് വിലയിരുത്തലുകൾ.
തമിഴ് ഇൻഡസ്ട്രിയിലെ നിരവധി പ്രമുഖരാണ് മഞ്ഞുമ്മൽ ബോയ്സ് സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഭാഷയല്ല കലയാണ് പ്രധാനം എന്നാണ് ചിത്രത്തിനെ പുകഴ്ത്തി കൊണ്ട് സംവിധായകൻ വെങ്കട് പ്രഭു പറഞ്ഞത്. ഒരു പൊതുപരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ എല്ലാവരും ആഘോഷമാക്കുകയാണ്. അതിൽ അഭിമാനം തോന്നുകയാണ്. പൊതുവിൽ സൂപ്പർ താര ചിത്രങ്ങൾ മാത്രം ചെയ്ത് കൊണ്ടിരിക്കുന്ന ഈ വേളയിൽ ഒരു നടി പോലും ഇല്ലാതെ, ഒരു കൂട്ടം യുവ നടന്മാരെ വച്ച് സിനിമ ചെയ്യുക എന്നത് വളരെ വലിയ കാര്യമാണ്. അതും നമ്മുടെ തമിഴ്നാട്ടിൽ തമിഴ് സിനിമകളെക്കാൾ വലിയ രീതിയിൽ ഓടുകയും ചെയ്യുന്നു. ഭാഷ അല്ല പ്രധാനം, കലയാണ് പ്രധാനം എന്ന് കാണിച്ചു കൊടുക്കുകയാണ് ഇതിലൂടെ", എന്നാണ് വെങ്കട് പ്രഭു പറഞ്ഞത്.
ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. ജാന്‍ എ മന്‍ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം മുതല്‍ തന്നെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിച്ചു. ഒടുവില്‍ കേരളം കടന്നും മഞ്ഞുമ്മലിനെ പ്രേക്ഷകര്‍ ഏറ്റെടുക്ക ആയിരുന്നു. തമിഴ്നാട്ടില്‍ നിന്നും പത്ത് കോടിയിലേറെ നേടിയ ചിത്രം 50 കോടി ക്ലബ്ബും പിന്നിട്ടു കഴിഞ്ഞു.
