'ഇന്ദ്രന്‍സ് മലയാള സിനിമയുടെ അഭിമാനം'; രാജ്യാന്തര പുരസ്കാരം നേടിയതില്‍ അഭിനന്ദിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Sep 8, 2019, 10:44 PM IST
Highlights

ലോക സിനിമയിൽ മലയാളം നേട്ടങ്ങൾ കൊയ്യുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രൻസിന്റെ നേട്ടത്തിലൂടെയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രൻസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെയിൽ മരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവെൽ മികച്ച നടനായി ഇന്ദ്രൻസിനെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രൻസ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലോക സിനിമയിൽ മലയാളം നേട്ടങ്ങൾ കൊയ്യുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രൻസിന്റെ നേട്ടത്തിലൂടെയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രന്‍സ് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം കൂടിയാണിത്. നേരത്തെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍  ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു വെയില്‍ മരങ്ങള്‍.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്ത ദളിത് കുടുംബത്തിന്‍റെ കഥ പറയുന്ന സിനിമ ഒന്നര വര്‍ഷത്തോളമെടുത്താണ് ചിത്രീകരിച്ചത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് വെയില്‍മരങ്ങള്‍ ചിത്രീകരിച്ചത്. 

ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. 

click me!