ഉണ്ണി മുകുന്ദനെതിരെ പരാതി: വിശദമായി പരശോധിച്ച ശേഷം നടപടിയെന്ന് ഫെഫ്ക

Published : May 27, 2025, 12:06 PM IST
ഉണ്ണി മുകുന്ദനെതിരെ പരാതി: വിശദമായി പരശോധിച്ച ശേഷം നടപടിയെന്ന് ഫെഫ്ക

Synopsis

നടൻ ഉണ്ണി മുകുന്ദന്‍റെ മാനേജർ വിപിൻ കുമാർ നൽകിയ പരാതി അന്വേഷിക്കാൻ ഫെഫ്ക തീരുമാനിച്ചു. മാനേജറുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തു. നടൻ തന്നെ മർദ്ദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകി.

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി വിശദമായി പരിശോധിക്കാന്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.  ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്.  ഈ പരിശോധനയ്ക്ക് ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. 

അതേ സമയം മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തു. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. 

ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്ന് രാവിലെ തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു.  മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപിച്ചു.

"ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍. പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. മാര്‍ക്കോയ്ക്ക് ശേഷം ഒരു പടം കറക്ടായി കിട്ടിയിട്ടില്ല. ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. പുള്ളി സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്നും ഗോകുലം പിന്‍മാറി. ഇത്തരം പല ഫസ്ട്രേഷനുണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്" വിപിന്‍ പറഞ്ഞു. 

"പുള്ളിയുടെ കൂടെയുണ്ടായിരുന്നവര്‍ ഒന്നും ഇപ്പോള്‍ ഒപ്പമില്ല. ഇപ്പോ എല്ലാം എനിക്ക് കേള്‍ക്കാന്‍ പറ്റില്ലല്ലോ. എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. ഞാന്‍ ഒരു പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റാണ്. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. നരിവേട്ട എന്ന സിനിമ ഞാന്‍ പ്രവര്‍ത്തിച്ച സിനിമയാണ്. അതിനെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ല. രാത്രി തന്നെ വിളിച്ച് എന്നോട് ഈ മാനേജര്‍ പരിപാടി വേണ്ടെന്ന് പറഞ്ഞു. ഞാനും ഓകെ പറഞ്ഞു" വിപിന്‍ തുടരുന്നു. 

പിന്നീടാണ് ഫോണില്‍ വിളിച്ച് താഴെ വരാന്‍ പറഞ്ഞ് മര്‍ദ്ദിച്ചത്. ഞാന്‍ പേയ്ഡ് മാനേജര്‍ അല്ല. ഞാന്‍ അഞ്ഞുറോളം ചിത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പുള്ളിയുടെ പ്രശ്നങ്ങളായിരിക്കാം ഇതിനെല്ലാം കാരണം. വിപിന്‍ പറ‌ഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു