കൊവിഡ് ഭീതിക്കിടെ വിവാദ പ്രസ്താവന; മാപ്പ് പറഞ്ഞ് നടി ദിവ്യാങ്ക ത്രിപതി

By Web TeamFirst Published Mar 18, 2020, 8:25 AM IST
Highlights

കൊവിഡില്‍ മുംബൈ നഗരങ്ങള്‍ ''ഉണര്‍വില്ലാതെ'' എന്നായിരുന്നു ദിവ്യാങ്കയുടെ ട്വീറ്റില്‍ സൂചിപ്പിച്ചത്...
 

മുംബൈ: കൊവിഡ് ഭീതിയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യത്തില്‍ ഒഴിഞ്ഞുകിടക്കുന്ന മുംബൈയിലെ റോഡുകളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടി ദിവ്യാങ്ക ത്രിപതി. കൊവിഡില്‍ മുംബൈ നഗരങ്ങള്‍ ''ഉണര്‍വില്ലാതെ'' എന്നായിരുന്നു ദിവ്യാങ്കയുടെ ട്വീറ്റില്‍ സൂചിപ്പിച്ചത്.

ഇത്രയും കുറഞ്ഞ ട്രാഫിക്കുള്ള ഈ സമയമാണ് മെട്രോയുടെയും പാലങ്ങളുടെയും പണി തീര്‍ക്കാന്‍ പറ്റിയതെന്നായിരുന്നു ദിവ്യാങ്കയുടെ ട്വീറ്റ്. കൊവിഡ് ബാധയില്‍ ഭയന്ന് ആളുകള്‍ പുറത്തിറങ്ങാതിരിക്കുകയും മുന്‍ കരുതലെന്നോണം തിരക്കുള്ള സ്ഥലങ്ങളും യാത്രയും ഒഴിവാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദിവ്യാങ്ക നടത്തിയ ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതോടെ ദിവ്യാങ്ക ട്വീറ്റ് ഡിലീറ്റ് ചെയ്യുക മാത്രമല്ല, അത്തരമൊരു പരാമര്‍ശത്തിന് മാപ്പ് പറയുകയും ചെയ്തു. 

''എഞ്ചിനിയര്‍മാരുടെയും തൊഴിലാളികളുടെയും ജീവന് വിലയില്ലേ, ഇത്തമൊരു സമയത്ത് ഇങ്ങനെയൊരു ട്വീറ്റ് തെറ്റാണ്'' എന്ന തരത്തിലായിരുന്നു ആളുകളുടെ പ്രതികരണം. ഇതോടെ ''ഞാന്‍ മാപ്പ് ചോദിക്കുന്നു, പോയിന്റ് സ്വീകരിക്കുന്നു'' ദിവാങ്ക ട്വീറ്റ് ചെയ്തു.

അതേസമയം കൊവിഡ് രോഗികളുടെ എണ്ണം 40 കടന്ന മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞു. അനാവശ്യ യാത്രകളൊഴിവാക്കി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സബര്‍ബന്‍ ട്രെയിനുകള്‍ നിര്‍ത്തേണ്ടി വരുമെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്ദവ് മുന്നറിയിപ്പ് നല്‍കി. അതേസമയം വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കൈകളില്‍ സര്‍ക്കാര്‍ മുദ്ര പതിച്ച് തുടങ്ങി.

click me!