
ചലച്ചിത്ര- സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.
പ്രേക്ഷകരുടെ പ്രിയതാരങ്ങൾ രണ്ടുപേരടങ്ങുന്ന 12 ടീമുകളാണ് ഈ റിയാലിറ്റി ഷോയില്‍ മത്സരിക്കുന്നത്. പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത്, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, യുവ നായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ എന്നിവരാണ് വിധികർത്താക്കൾ.
കൂടാതെ ചലച്ചിത്രതാരം ശില്പ ബാല, നൃത്തസംവിധായകരായ ബിജു ധ്വനിതരംഗ്, ജോബിൻ തുടങ്ങിയവർ സൂപ്പർ മാസ്റ്റര്‍മാരായും ആർ ജെ കാർത്തിക്, സിത്താര എന്നിവർ ഷോയുടെ അവതാരകരായും എത്തുന്നു. ഡാൻസിംഗ് സ്റ്റാർസ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യര്‍, വിധികർത്താക്കൾ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ALSO READ : യുവനിരയിലെ ശ്രദ്ധേയ ഛായാഗ്രാഹകന്‍, പപ്പു അന്തരിച്ചു
ഡാൻസിംഗ് സ്റ്റാർസ്സിന്റെ ലോഞ്ച് ഇവന്റിൽ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം വിധികർത്താക്കളായ ആശ ശരത്, ദുർഗ്ഗ കൃഷ്ണ, ശ്രീശാന്ത് എന്നിവരുടെ നൃത്തവിരുന്നും മറ്റു കലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മഞ്ജു വാര്യരും മത്സരാര്‍ഥികളും വിധികർത്താക്കളും ചേർന്ന് ജനപ്രീതി നേടിയ വിവിധ ഗാനങ്ങൾക്ക് ചുവടുവച്ചു.
പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം പകരുന്ന ഡാൻസിംഗ് സ്റ്റാർസ്സിന്റെ ലോഞ്ച് ഇവന്റ് നവംബർ 19 രാത്രി 7.30 മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. അഡാർ ആട്ടം, ടമാർ ആഘോഷം എന്നാണ് ഷോയുടെ ടാഗ് ലൈൻ. ഇതിനെ അന്വർത്ഥമാക്കുന്ന വിധത്തിൽ നൃത്തവും അതിരുകളില്ലാത്ത ആഘോഷവുമായി ഡാൻസിംഗ് സ്റ്റാർസ് ഈ മാസം 20 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിമുതൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.