Latest Videos

ദർബാറും ഛപാക്കും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല; പ്രതിഷേധവുമായി കന്നട സംഘടനകൾ

By Web TeamFirst Published Jan 10, 2020, 4:43 PM IST
Highlights

മറ്റുഭാഷാ സിനിമകൾ കന്നട സിനിമാ മേഖലയെ തകർക്കുന്നുവെന്ന് ഉന്നയിച്ചാണ് ദർബാർ പ്രദർശിപ്പിക്കുന്നതിരെ പ്രവർത്തകർ പ്രതിഷേധവുമായി ‌എത്തിയത്. 

ബെംഗളൂരു: തമിഴ് സൂപ്പർഹിറ്റ് താരം രജനീകാന്ത് മുഖ്യവേഷത്തിലെത്തിയ ദർബാർ, ബോളിവുഡ് താരം ദീപിക പദുകോണിന്റെ ഛപാക്ക് എന്നീ ചിത്രങ്ങൾ നഗരത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്ര‌ഖ്യാപിച്ച് കന്നട സംഘടനകൾ. കന്നട രണധീറ പാഠെയുൾപ്പെടെയുള്ള നാലു സംഘടനാ പ്രവർത്തകർ കഴിഞ്ഞ ദിവസം നഗരത്തിലെ തിയറ്ററിനു മുമ്പിൽ പ്രതിഷേധവുമായെത്തി. ദർബാർ പ്രദർശിപ്പിച്ച തിയറ്ററിനുമുമ്പിലാണ് പ്രതിഷേധം നടത്തിയത്.

മറ്റുഭാഷാ സിനിമകൾ കന്നട സിനിമാ മേഖലയെ തകർക്കുന്നുവെന്ന് ഉന്നയിച്ചാണ് ദർബാർ പ്രദർശിപ്പിക്കുന്നതിരെ പ്രവർത്തകർ പ്രതിഷേധവുമായി ‌എത്തിയത്. അതേസമയം, ജെഎൻയുവിലെ വിദ്യാർഥികൾക്ക് ഐക്യാദാർഢ്യം പ്രഖ്യാപിച്ചതിലുള്ള പ്രതിഷേധത്തെ തുടർന്നാണ് ദീപിക പദുകോണിന്റെ ഛപാക്ക് പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സംഘടകൾ രംഗത്തെത്തിയത്. തിയേറ്ററിന് മുന്നില്‍ പ്രദർശനം തടയാൻ ശ്രമിച്ചവരെ പൊലീസെത്തി നിയന്ത്രിക്കുകയായിരുന്നു.

മുൻപ് രാജ്കുമാർ ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ 100 ദിവസം ഓടിയിരുന്നെന്നും ഇന്ന് തിയറ്റർ ഉടമകൾ കന്നട ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും കന്നട രണധീര പാഠെ പ്രസിഡന്റ് ഹരീഷ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് മറ്റു ഭാഷാ സിനിമകളുടെ പ്രദർശനം നിർത്തുന്നതു വരെ പ്രതിഷേധം തുടരുമെന്നും ഹരീഷ് പറഞ്ഞു.

പ്രതിഷേധത്തെ തുടർന്ന് ഛപാക്കും ദർബാറും പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണെന്ന് സിറ്റിപോലീസ് കമ്മീഷണർ ഭാസ്കർ റാവു വ്യക്തമാക്കി. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ദർബാർ ഇന്നലെയും മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്ത ഛപാക് ഇന്നുമാണ് തിയറ്ററുകളിലെത്തിയത്. 
 

click me!