'മെയ് 10, 2002; എന്റെ ജീവിതം എന്നേക്കുമായി മാറിമറിഞ്ഞ ദിവസം'-ധനുഷ് പറയുന്നു

By Web TeamFirst Published May 10, 2019, 11:47 PM IST
Highlights

"കരിയറിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍, എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന് അങ്ങേയറ്റം കൃതജ്ഞത തോന്നുന്നു. നല്ലതും മോശവുമായ സമയങ്ങളില്‍, ഹിറ്റുകളിലും ഫ്‌ളോപ്പുകളിലും, വിജയങ്ങളിലും പരാജയങ്ങളിലും നിങ്ങള്‍ എനിക്കൊപ്പം നിന്നു."

'അയല്‍പക്കത്തെ പയ്യന്‍' ഇമേജാണ് അരങ്ങേറ്റകാലത്തെ കഥാപാത്രങ്ങളിലൂടെ ധനുഷിന് പ്രേക്ഷക മനസ്സുകളില്‍ ലഭിച്ചത്. ആ ഇമേജ് ഇപ്പോഴും അതേപോലെ നില്‍ക്കുന്നുണ്ട്. പക്ഷേ ആദ്യചിത്രമിറങ്ങി 17 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ധനുഷിലെ നടനെ പ്രേക്ഷകര്‍ നന്നായി അറിഞ്ഞിട്ടുണ്ടെന്ന് മാത്രം. അരങ്ങേറ്റചിത്രം 'തുള്ളുവതോ ഇളമൈ' തീയേറ്ററുകളിലെത്തി 17 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് ഇത്രകാലവും തന്നെ പിന്തുണച്ച, നടനെന്ന നിലയില്‍ വളര്‍ത്തിയ പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി പറയാന്‍ നടനെത്തി. ട്വിറ്റര്‍ വഴി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് പ്രേക്ഷകര്‍ എന്നാല്‍ തനിക്കെന്താണെന്ന് ധനുഷ് പറയുന്നത്..

ധനുഷിന്റെ കുറിപ്പ്

"എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, 2002 മെയ് 10നാണ് തുള്ളുവതോ ഇളമൈ റിലീസായത്. എന്റെ ജീവിതം എക്കാലത്തേക്കും മാറ്റിമറിച്ച ദിവസം. കടന്നുപോയത് ശരിക്കും 17 വര്‍ഷങ്ങള്‍ തന്നെ ആയിരുന്നോ?

ഒരു നടനോ താരമോ ഒക്കെ ആവാനുള്ള പാങ്ങുണ്ട് തനിക്കെന്ന് ധാരണകളൊന്നുമില്ലാതിരുന്ന ഒരു ചെറുപ്പക്കാരന്‍ പയ്യന് നിങ്ങള്‍ ഹൃദയം തുറന്നുതന്നത് ഇന്നലെ എന്നത് പോലെ തോന്നുന്നു. കരിയറിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍, എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന് അങ്ങേയറ്റം കൃതജ്ഞത തോന്നുന്നു. നല്ലതും മോശവുമായ സമയങ്ങളില്‍, ഹിറ്റുകളിലും ഫ്‌ളോപ്പുകളിലും, വിജയങ്ങളിലും പരാജയങ്ങളിലും നിങ്ങള്‍ എനിക്കൊപ്പം നിന്നു.

നന്ദി. ഒരുപാട് നന്ദി. കുറവുകളൊന്നുമില്ലാത്ത ഒരാളല്ല ഞാന്‍. പക്ഷേ ഉപാധികളൊന്നുമില്ലാതെ നിങ്ങള്‍ എന്നിലര്‍പ്പിക്കുന്ന വിശ്വാസം, കൂടുതല്‍ പരിശ്രമിക്കാനും ഏറ്റവും മികച്ച ഞാനാവാനുമുള്ള എന്റെ ശ്രമത്തിന് ചാലകശക്തിയാവുന്നുണ്ട്.

17 years !! Thank you all 🙏🙏🙏 pic.twitter.com/nAcqNjy19g

— Dhanush (@dhanushkraja)

സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകളും വീഡിയോകളുമൊക്കെ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു. എപ്പോഴും സ്‌നേഹം മാത്രം പ്രചരിപ്പിക്കുക. നമ്മളില്‍ ഒരുപാട് പേര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയുന്ന ഒരു ലോകത്തെ സൃഷ്ടിക്കുക. എല്ലാവര്‍ക്കും നന്ദി, ധനുഷ്"

വെട്രിമാരന്റെ 'വട ചെന്നൈ'ക്കും ബാലാജി മോഹന്റെ 'മാരി 2'നും ശേഷം രണ്ട് ചിത്രങ്ങളാണ് ധനുഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഗൗതം വസുദേവ് മേനോന്റെ 'എന്നെ നോക്കി പായും തോട്ട'യും വെട്രിമാരന്റെ തന്നെ 'അസുരനും'.

click me!