ജയസൂര്യ-മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിലെ 'ആട് 3' 2026 മാർച്ച് 19-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ നിഖില വിമൽ ഒരു ഡാൻസ് രംഗത്തിൽ മാത്രമായി എത്തുമെന്ന അഭ്യൂഹങ്ങളുണ്ട്. Vijay babu reacts about Nikhila Vimal item dance rumours in Aadu 3 movie
മലയാളത്തിൽ ഈ വർഷം വരാനിരിക്കുന്ന ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ് ജയസൂര്യ- മിഥുൻ മാനുവൽ തോമസ് ടീമിന്റെ ആട് 3. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററുകൾ ശ്രദ്ധേയമായിരുന്നു. ജയസൂര്യയ്ക്കൊപ്പം വിനായകൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു തുടങ്ങീ മിൿസിച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കൂടാതെ ചിത്രത്തിൽ ഒരു ഡാൻസ് രംഗത്തിൽ നിഖില വിമൽ എത്തുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ അതിനെ കുറിച്ച് സംസാരിക്കണമെന്നും നിഖില വിമൽ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ നിഖില വിമലിന്റെ ഡാൻസിനെ കുറിച്ച് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ വിജയ് ബാബു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
"നിഖില വിമല്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ പ്രസ് കോണ്‍ഫറന്‍സില്‍ കാണാമെന്ന്. നിഖില വിമല്‍ മലയാളത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല നടിമാരില്‍ ഒരാളാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സിനിമകളില്‍ ചെറുതും വലതുമായ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആട് പോലൊരു സിനിമയില്‍ നിഖില വിമലിനെപ്പോലെ ഇത്ര നല്ലൊരു നടിയെ കൊണ്ടു വന്ന് ഐറ്റം ഡാന്‍സ് കളിപ്പിച്ചിട്ട് വിടുമെന്ന് തോന്നുന്നുണ്ടോ?" വിജയ് ബാബു പറയുന്നു.
"ഇത് എവിടുന്നാണെന്ന് വന്നതെന്നറിയില്ല. അതിന് കുറിക്കു കൊള്ളുന്ന ഉത്തരം നിഖില തന്നെ തന്നിട്ടുണ്ട്. ഞാന്‍ പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞോളാമെന്ന്. എന്തായാലും അത് അവിടെ നില്‍ക്കട്ടെ. എന്തായാലും ഉടനെ തന്നെ ട്രെയിലര്‍ ലോഞ്ചുണ്ട്. അത് കഴിഞ്ഞ മാധ്യമങ്ങളെക്കാണും. അപ്പോള്‍ പറയാം. അതുവരെ ഇങ്ങനെയങ്ങ് പോകട്ടെ." വിജയ് ബാബു കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.
മാർച്ച് 19 ന് തിയേറ്ററുകളിൽ
2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്.



