
'മാസ്റ്ററി'ന്‍റെ തിയറ്റര്‍ റിലീസിന് ശേഷവും പുതിയ ചിത്രങ്ങളുടെ ഡയറക്ട് ഒടിടി റിലീസിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ 'കര്‍ണ്ണന്‍' റിലീസ് പ്രഖ്യാപിച്ചു. ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ടീസറിലൂടെയാണ് പ്രഖ്യാപനം. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള നിര്‍മ്മാതാവിന്‍റെ തീരുമാനത്തിന് നന്ദി പറഞ്ഞ് ധനുഷ് ഒരു കത്തും പുറത്തിറക്കിയിട്ടുണ്ട്.
"കര്‍ണന്‍ 2021 ഏപ്രിലില്‍ തിയറ്ററുകളിലെത്തും. ഈ സമയത്ത് ഏറെ ആവശ്യമുള്ള, പ്രോത്സാഹജനകമായ ഒരു വാര്‍ത്ത. മറ്റു വഴികള്‍ ഉണ്ടായിരുന്നുവെങ്കിലും തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍, തിയറ്റര്‍ നടത്തിപ്പുകാര്‍, സിനിമയെയും തിയറ്ററിനെയും ആശ്രയിച്ചു ജീവിക്കുന്ന മറ്റെല്ലാവരെക്കുറിച്ചും ചിന്തിച്ച താണുസാറിന് നന്ദി. എന്‍റെ ആരാധകര്‍ക്കുവേണ്ടി ഒരു വലിയ നന്ദി കൂടി. കാരണം അവരെ സംബന്ധിച്ച് ഒരു വലിയ തീരുമാനമാണ് ഇത്", ധനുഷ് കുറിച്ചു.
അതേസമയം ജോലികള്‍ പൂര്‍ത്തിയായിരിക്കുന്ന മറ്റൊരു ധനുഷ് ചിത്രമായ കാര്‍ത്തിക് സുബ്ബരാജിന്‍റെ 'ജഗമേ തന്തിരം' ഡയറക്ട് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെ എത്തുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ധനുഷിന്‍റെ കത്ത് 'ജഗമേ തന്തിരം' നിര്‍മ്മാതാവിനുള്ള പരോക്ഷ വിമര്‍ശനമാണെന്നും സോഷ്യല്‍ മീഡിയയില്‍ വിലയിരുത്തലുണ്ട്. 'പേട്ട'യ്ക്കു ശേഷം കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിലെത്തുന്ന ജഗമേ തന്തിരം പോയ വര്‍ഷം മാര്‍ച്ച് ഒന്നിന് തിയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
അതേസമയം 'പരിയേറും പെരുമാള്‍' എന്ന ശ്രദ്ധേയ ചിത്രത്തിനുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് കര്‍ണ്ണന്‍. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബറിലാണ് പൂര്‍ത്തിയായത്. ലാലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സന്തോഷ് നാരായണന്‍ ആണ് സംഗീതം.