
ഇന്ത്യക്കാര്‍ക്ക് ഏറ്റവും പരിചിതനായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരില്‍ പ്രധാനിയാണ് ധ്രുവ് റാഠി. ഇന്ത്യന്‍ വലതുപക്ഷത്തിന്‍റെ ഏറ്റവും വലിയ വിമര്‍ശകനായ ധ്രുവ് ജര്‍മനിയിലാണ് സ്ഥിരതാമസം. ഇന്ത്യന്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്ന പ്രധാന വിഷയങ്ങളിലൊക്കെ ധ്രുവ് തന്‍റെ യുട്യൂബ് ചാനലിലൂടെ പ്രതികരണം അറിയിക്കാറുണ്ട്. 31 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലിലൂടെ എത്തുന്ന വീഡിയോകള്‍ വലിയ ചര്‍ച്ചയാവാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ റിലീസ് ധുരന്ധര്‍ 2 നെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായവും അത്തരത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ യുട്യൂബിലൂടെയല്ല എക്സിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള തന്‍റെ പ്രതികരണം ധ്രുവ് റാഠി അറിയിച്ചിരിക്കുന്നത്. എല്ലാത്തവണത്തെയും പോലെ അതിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള അഭിപ്രായങ്ങളും കമന്‍റ് ബോക്സില്‍ ഉണ്ട്.
നന്നായിട്ടല്ലാതെ എടുത്തിരിക്കുന്ന ഒരു പ്രൊപ്പഗാണ്ട ചിത്രം എന്നാണ് ധുരന്ധര്‍ 2 നെക്കുറിച്ച് ധ്രുവ് റാഠി പറയുന്നത്. മൂന്ന് മാസത്തിന് മുന്‍പ് ധുരന്ധര്‍ ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോഴും ധ്രുവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. “ആദിത്യ ധറിനെ ഒരു ബിജെപി പ്രചാരകന്‍ എന്നാണ് മൂന്ന് മാസം മുന്‍പ് ഞാന്‍ വിളിച്ചത്. ഇപ്പോള്‍ എല്ലാവരും അത് കാണും. ആദ്യ ഭാഗത്തില്‍ അത് അതിസൂക്ഷ്മം ആയിരുന്നു. പക്ഷേ ഇത്തവണ ആത്മവിശ്വാസക്കൂടുതല്‍ കാരണം അദ്ദേഹം എല്ലാം സ്പഷ്ടമാക്കിയിട്ടുണ്ട്. വെല്‍ മേഡ് പ്രൊപ്പഗാണ്ട കൂടുതല്‍ അപകടകരമാണെന്ന് മുന്‍പ് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? എന്നാല്‍ ഇത്തവണ അത് വെല്‍ മേഡ് പോലും അല്ല”, എന്നാണ് ധ്രുവ് റാഠിയുടെ പോസ്റ്റ്.
എക്സില്‍ ധ്രുവ് റാഠിയെ പിന്തുടരുന്നവരില്‍ കൂടുതലം അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ പിന്തുണയ്ക്കുകയാണെങ്കിലും നിരവധി എതിരഭിപ്രായങ്ങളും വരുന്നുണ്ട്. ധുരന്ധര്‍ ആദ്യ ഭാഗത്തില്‍ 90 ശതമാനം യാഥാര്‍ഥ്യവും 10 ശതമാനം പ്രൊപ്പഗാണ്ടയും ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തില്‍ 10 ശതമാനം യാഥാര്‍ഥ്യവും 90 ശതമാനം പ്രൊപ്പഗാണ്ടയുമാണ് എന്നാണ് ഒരു കമന്‍റ്. ധ്രുവ് റാഠിയുടെ അഭിപ്രായ പ്രകടനങ്ങള്‍ സെലക്റ്റീവ് ആണെന്നും കാബൂളില്‍ പാക് വ്യോമാക്രമണത്തില്‍ 400 ല്‍ അധികം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പോസ്റ്റ് പോലും ഇടാത്ത ആള്‍ക്ക് പാകിസ്ഥാനെ തുറന്നുകാട്ടുന്ന ഒരു ചിത്രം വന്നതിലാണ് വിഷമം എന്നാണ് മറ്റൊരു കമന്‍റ്. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് ആരംഭിച്ചിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ