
ചെന്നൈ: ഏഴുവര്‍ഷത്തോളം തമിഴ് സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലർ ധ്രുവനച്ചത്തിരം. ഇന്ന് ( നവംബർ 24 വെള്ളിയാഴ്ച) നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. സംവിധായകന്‍ ഗൗതം മേനോനാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്.
സാമ്പത്തിക കാര്യങ്ങളാണ് ചിത്രം വീണ്ടും പ്രതിസന്ധിയിലായതിന് കാരണം എന്നാണ് വിവരം. എക്സില്‍ പങ്കുവച്ച ഒരു നോട്ടില്‍ ചിത്രം ഇറക്കാന്‍ ഒന്നു രണ്ട് ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോൻ പറയുന്നത്.
"ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിംഗും അടക്കം മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എന്നും. ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയസ്പർശിയായ പിന്തുണ ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. കുറച്ച് ദിവസങ്ങൾ കൂടി, ഞങ്ങൾ എത്തും!" - എന്നാണ് ഗൗതം മേനോൻ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.
അതേ സമയം സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍ ഈ ആഴ്ച തന്നെ ചിത്രത്തിന്‍റെ റിലീസ് ഉറപ്പാക്കാൻ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു എന്നും വിവരമുണ്ട്.
ഒൻട്രാഗ എന്റർടൈൻമെന്റ് ബാനറിൽ ധ്രുവനച്ചത്തിരം നിര്‍മ്മാതാവ് കൂടിയായ സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിന്റെ ഒടിടി , സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റ് അവസാന നിമിഷം 50 കോടിയോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇത് വിജയിച്ചുവെങ്കിലും അതിന്‍റെ ചില സാങ്കേതിക പ്രശ്നങ്ങളാണ് പ്രശ്നമായത് എന്നാണ് വിവരം.
വിക്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ടോളിവുഡ് നടി റിതു വർമ്മയും മുതിർന്ന നായിക സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, ധ്രുവനച്ചത്തിരത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്.
'വിശ്വാസം ഇല്ലായിരുന്നു': ധ്രുവ നച്ചത്തിരം സൂര്യ ഉപേക്ഷിക്കാന്‍ കാരണം വെളിപ്പെടുത്തി ഗൗതം മേനോന്‍