ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാനെതിരെ ഏറ്റവും വിനാശകരമായ ആക്രമണത്തിന് യുഎസ് തയ്യാറെടുക്കുന്നു. ഈ സാഹചര്യം അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയർത്തുകയും ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യ ഭീഷണി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

റാൻ- ഇസ്രയേൽ അമേരിക്ക സംഘർഷ സാഹചര്യത്തിൽ അയവില്ല. എണ്ണ വിതരണമടക്കം തടസ്സപ്പെട്ട് തുടങ്ങിയതോടെ ഇറാനെതിരായ ആക്രമണം അമേരിക്ക കൂടുതൽ ശക്തമാക്കി. ഇന്ന് രാത്രി ഇറാനെതിരെ ഏറ്റവും വിനാശകരമായ ആക്രമണമുണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കി. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിച്ചുള്ള സൈനിക നീക്കം ഉണ്ടാകുമെന്ന് ഹെഗ്സിത്ത് പറഞ്ഞു.

അമേരിക്കയെയും യുദ്ധം വലിയ രീതിയിൽ ബാധിച്ചുതുടങ്ങിയതോടെയാണ് നിലപാട് കടുപ്പിക്കുന്നത്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോ‍‌ർട്ടുകൾ പ്രകാരം അമേരിക്കയിൽ ഒരു ഗാലൺ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. ഒരാഴ്ച്ചക്കിടെ 16 ശതമാനം വ‍‌ർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ദ‍‌ർ പറയുന്നത്.

എണ്ണവില ഉയരുമെന്ന് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്. 47 വർഷമായി ചെയ്യേണ്ടിയിരുന്ന ഒരു കാര്യത്തിൽ വരാവുന്ന ഒരു ചെറിയ ഇടവേള മാത്രമാണ് ഇത്. ഇത് ചെയ്യാൻ ധൈര്യം ഉണ്ടായിരുന്ന ഒരു പ്രസിഡന്റ് മുമ്പ് ഉണ്ടായിരുന്നില്ല. ദേശീയ സുരക്ഷയ്ക്കായി നൽകുന്ന ഒരു “ചെറിയ വില” മാത്രമാണ് ഇതെന്നാണ് ഈ വിഷയത്തിൽ ട്രംപിന്റെ നിലപാട്.

ഇനി അമേരിക്കയുടെ മുന്നിലുള്ള അടുത്ത വലിയ ഭീഷണി സാമ്പത്തിക മാന്ദ്യമാണ്. എണ്ണവില 100 ഡോളറിന് മുകളിലായി തുടർന്നാൽ ഉപഭോ​ഗം കുറയുകയും സാമ്പത്തിക വളർച്ച മന്ദഗതിയിലാകുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ ആഗോള പണപ്പെരുപ്പ് ഏകദേശം 2 ശതമാനം വരെ കൂടുതലാകാമെന്നും വിലയിരുത്തലുകളുണ്ട്.