
മലയാളി സിനിമാപ്രേമികള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ചില ആക്റ്റര്‍- ഡയറക്ടര്‍ കോമ്പിനേഷനുകളുണ്ട്. അവയില്‍ ചിലതിനെപ്പറ്റി ഏറെക്കാലമായി കേള്‍ക്കുന്നുണ്ടെങ്കിലും ഉറപ്പൊന്നും ബന്ധപ്പെട്ടവരില്‍ നിന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ അത്തരത്തിലൊരു ചിത്രം ഇപ്പോഴിതാ യാഥാര്‍ഥ്യമാവാന്‍ പോകുന്നു. മോഹന്‍ലാല്‍- ദിലീഷ് പോത്തന്‍ ചിത്രമാണ് സംഭവിക്കുമെന്ന് ഉറപ്പായിരിക്കുന്നത്. മോഹന്‍ലാലിന്‍റെ സന്തതസഹചാരിയും നിര്‍മ്മാതാവുമായ ആന്‍റണി പെരുമ്പാവൂര്‍ ആണ് ഈ പ്രോജക്റ്റ് കണ്‍ഫേം ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിക്കുന്ന ദൃശ്യം 3 ന്‍റെ റിലീസിനോടനുബന്ധിച്ച് എക്സ് സ്പേസില്‍ മോഹന്‍ലാല്‍ ആരാധകരുടെ ഒരു സംവാദം സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കവെയാണ് ആന്‍റി പെരുമ്പാവൂര്‍ വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ അത് നിര്‍മ്മിക്കുന്നത് അദ്ദേഹം ആയിരിക്കില്ല.
മോഹന്‍ലാലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരു ചിത്രം ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതായി ഏറെക്കാലമായി കേള്‍ക്കുന്നതാണ്. താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ ദിലീഷ് സ്ഥിരമായി നേരിടാറുള്ള ചോദ്യവുമാണ് ഇത്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഒന്നും പറയാറായിട്ടില്ലെന്നുമാണ് ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോഴും ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നത്. ആ പ്രോജക്റ്റ് ആണ് ഇപ്പോള്‍ തീരുമാനം ആയിട്ടുണ്ടെന്ന് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത്. പ്രോജക്റ്റ് സംബന്ധിച്ച് ഏറെക്കാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. ഈ ചിത്രം നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണ്‍ ആയിരിക്കുമെന്നും ആന്‍റണി അറിയിച്ചിട്ടുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍ നിര്‍മ്മിച്ചത് ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആയിരുന്നു. അവരുടെ അടുത്ത ചിത്രമായിരിക്കും ഇത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഷിബു ബേബി ജോണ്‍ യുഡിഎഫ് മന്ത്രിസഭയുടെ ഭാഗമായിരിക്കും. ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയുമാണ് നിലവില്‍ ഷിബു ബേബി ജോണ്‍. സിനിമയോട് ഏറെ താല്‍പര്യമുള്ള ഷിബു ബേബി ജോണ്‍ മോഹന്‍ലാലിന്‍റെ അടുത്ത സുഹൃത്തുമാണ്. അച്ഛന്‍റെയും അമ്മയുടെയും പേര് ചേര്‍ത്താണ് ചലച്ചിത്ര നിര്‍മ്മാണ കമ്പനിക്ക് അദ്ദേഹം പേരിട്ടിരിക്കുന്നത്. എന്നാല്‍ ഈ ബാനറിലെ ആദ്യ ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ സാമ്പത്തികമായി വിജയിച്ചില്ല. അതേസമയം മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളുമൊക്കെ ഏറെക്കാലമായി കാത്തിരിക്കുന്ന പ്രോജക്റ്റ് എന്ന നിലയില്‍ ദിലീഷ് പോത്തന്‍- മോഹന്‍ലാല്‍ ചിത്രത്തിന് വലിയ ഹൈപ്പ് ആവും ലഭിക്കുക.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ