
നസ്‍ലെനും മമിത ബൈജുവിനും വലിയ കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയായിരുന്നു പ്രേമലു. മലയാളികളല്ലാത്ത പ്രേക്ഷകരിലേക്ക് പോലും കണക്റ്റ് ചെയ്യാന്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രത്തിനായി. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രത്തിന്‍റെ ഫൈനല്‍ വേള്‍ഡ്‍വൈഡ് ഗ്രോസ് 136 കോടിക്ക് മുകളില്‍ ആയിരുന്നു. ഇത്ര വലിയ വിജയം നേടിയ ചിത്രമായതിനാല്‍ത്തന്നെ അതിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചും വലിയ പ്രേക്ഷക പ്രതീക്ഷ ഉണ്ടായിരുന്നു. പ്രേമലുവിന്‍റെ വിജയാഘോഷ വേദിയില്‍ വച്ചാണ് നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് പിന്നീട് അപ്ഡേറ്റുകളൊന്നും എത്തിയിട്ടില്ല. അണിയറക്കാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഈ പ്രോജക്റ്റ് നിലവില്‍ സ്തംഭിച്ചിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്‍റെ ഉടമകളില്‍ ഒരാളായ ദിലീഷ് പോത്തന്‍.
“പ്രേമലു 2 കുറച്ചുകൂടി വൈകും എന്നുള്ളതാണ് പുതിയ അപ്ഡേറ്റ്. എന്തായാലും വൈകും. അത് കണ്‍ഫേം ചെയ്യാറായിട്ടില്ല. ചില സാങ്കേതിക തടസങ്ങള്‍ അതിനകത്ത് ഉണ്ട്”, ദിലീഷ് പോത്തന്‍ പറഞ്ഞു. താന്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന പുതിയ ചിത്രം റോന്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍റെ പ്രതികരണം. അതേസമയം ഭാവന സ്റ്റുഡിയോസിന്‍റെ അടുത്ത ചിത്രം ഗിരീഷ് എ ഡി തന്നെയാണ് സംവിധാനം ചെയ്യുകയെന്നും ദിലീഷ് പറഞ്ഞു. മറ്റൊരു ചിത്രമായ കരാട്ടെ ചന്ദ്രന്‍ ഈ വര്‍ഷം അവസാനത്തോടുകൂടി ആരംഭിക്കാന്‍ പറ്റുമെന്നാണ് കരുതുന്നതെന്നും. ഗിരീഷ് എ ഡി ചിത്രത്തിന്‍റെ പ്രഖ്യാപനം താമസിയാതെ തന്നെ വരും.
ജോജിക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു- “കഥ നമുക്ക് കിട്ടും. അതിനെ പൂര്‍ണ്ണമായും ഒരു സിനിമയുടെ സ്വഭാവത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്ന പ്രോസസിലാണ് നമ്മള്‍ എപ്പോഴും തോറ്റുപോകുന്നത്. താല്‍പര്യമുള്ള പല കഥകളും പ്ലോട്ടുകളുമൊക്കെ പല എഴുത്തുകാര്‍ക്കൊപ്പം ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ അതിനെ ഒരു സിനിമയുടെ ഫൈനല്‍ ഫോമിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്നതിന് ഇടയ്ക്ക് നമുക്ക് തന്നെ അതിനോടുള്ള താല്‍പര്യം കുറഞ്ഞുപോകുന്നതുകൊണ്ടോ വിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടോ ഒക്കെ പലപ്പോഴും പാതി വഴിയില്‍ വച്ച് നിര്‍ത്തിപ്പോകുന്നത്. ഇപ്പോള്‍ ഒരു പരിപാടി ഏകദേശം വട്ടം എത്തി വന്നിട്ടുണ്ട്. ഇത് ഒക്കുമായിരിക്കും. ഏകദേശം ഒരു ഫോമിലേക്ക് അത് എത്തിയിട്ടുണ്ട്”, ദിലീഷ് പോത്തന്‍ പറയുന്നു.