
കാന്താര 2 സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും കലാസംവിധായകനുമായിരുന്ന ദിനേശ് മംഗളുരു(55) അന്തരിച്ചു. കെ.ജി.എഫിലെ 'ഷെട്ടി' എന്ന വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിനേശ്. കെ.ജി.എഫിലെ "നീ ആദ്യമേ എന്നെ കൊല്ലാത്തതെന്താ?"എന്ന ദിനേശിന്റെ ഡയലോഗ് തിയറ്റുറുകളിൽ സൃഷ്ട്ടിച്ച ഓളം ചെറുതല്ല.
കാന്താര 2 ചിത്രീകരണത്തിടെ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നു ദിനേശ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികില്‍സ പൂര്‍ത്തിയാക്കി ഉഡുപ്പിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെ തിങ്കളാഴ്ച മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയായിരുന്നു. കിറ്ക്ക് പാർട്ടി, ഇന്തി നിന്ന പ്രീതിയെ, സ്ലം ബാല, ദുര്‍ഗ,രണവിക്രമ, അംബരി, സവാരി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നമ്പര്‍ 73, ശാന്തിനിവാസ് തുടങ്ങിയ കന്നഡ സിനിമകളുടെ കലാസംവിധാകയനാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത് റിഷബ് ഷെട്ടിയുടെ കാന്താരയെ വിടാതെ പിന്തുടരുന്ന മരണങ്ങളും അപകടങ്ങളുമാണ്. ഷൂട്ട് തുടങ്ങിയ ശേഷം മരിക്കുന്ന നാലാത്തെ ആളാണ് ദിനേശ്. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. ജൂണ്‍ 12നു തൃശൂര്‍ സ്വദേശിയായ നടന്‍ കലാഭവന്‍ വിജു.വി.കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അംഗുബയിലെ ഷൂട്ടിങ് സെറ്റില്‍ മരിച്ചിരുന്നു. സിനിമയുമായി ബന്ധപെട്ട് അഗുംബയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്നതിനിടെ പുലര്‍ച്ചെ നെഞ്ചുവേദനയുണ്ടായ വിജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മെയിൽ സിനിമയുടെ കൊല്ലൂരിലെ സൈറ്റിലുണ്ടായ അപകടത്തില്‍ വൈക്കം സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എം.എഫ് കബില്‍ മുങ്ങി മരിച്ചിരുന്നു. ഷൂട്ടിങ് ഇടവേളയില്‍ പുഴയില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കന്നഡയിലെ പ്രമുഖ ഹാസ്യതാരം രാജേഷ് പൂജാരിയും മേയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് സെറ്റില്‍ മരണപ്പെട്ടിരുന്നു.
ഇതിനു മുമ്പ് മുതൂരിൽ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയും നിരവധി പേർ സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയുമുണ്ടായി.സമാനമായി ശിവമോഗ ജില്ലയിലെ മസ്തിനിഗട്ട മേഖലയിലെ മണി ജലസംഭരണിയിലെ ചിത്രീകരണത്തിനിടെ റിഷബ് ഷെട്ടി അടക്കമുള്ളവർ യാത്ര ചെയ്തിരുന്ന ബോട്ട് വെള്ളത്തിൽ മറിയുകയും ചിത്രീകരണത്തിന് ആവശ്യമായ ക്യാമറകളും മറ്റ് ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങി പോവുകയും ചെയ്തു.ജലസംഭരണിക്ക് ആഴം കുറവായതിനാൽ ആർക്കും അപകടമുണ്ടായില്ല.സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി നിർമ്മിച്ച കൂറ്റൻ സെറ്റ് തകർന്നു വീഴുകയും വലിയ നാശനഷ്ട്ടങ്ങൾ ഉണ്ടാവുകയും ചെയ്തുവെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു.കാന്താര 2 ചിത്രീകരണത്തിനിടെ നടക്കുന്ന ഈ ദുരൂഹ സംഭവങ്ങൾക്ക് പിന്നിൽ ദൈവകോപമാണെന്ന തരത്തിലുള്ളചർച്ചകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക