
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ നടൻ നൂബിനാണ് ബിന്നിയുടെ ഭർത്താവ്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 7ലും മൽസരാർത്ഥിയായി എത്തിയിരിക്കുകയാണ് ബിന്നി. ബിഗ് ബോസിൽ ബിന്നി പറഞ്ഞ ജീവിതകഥ പലരുടെയും കണ്ണു നിറച്ചിരുന്നു. തനിക്ക് മൂന്നു വയസുള്ളപ്പോൾ കുടുംബം നോക്കാൻ അമ്മ വിദേശത്തു പോയതാണെന്നും ഗൾഫിൽ ഗദ്ദാമ ജോലി ചെയ്‍താണ് തന്നെയും ചേട്ടനെയും പഠിപ്പിച്ചതെന്നും ബിന്നി പറഞ്ഞിരുന്നു. തീരെ ചെറുതായിരുന്നപ്പോൾ മുതൽ അച്ഛനും അമ്മയും ചേട്ടനും താനും നാലു സ്ഥലങ്ങളിലാണെന്നും ബന്ധുക്കളുടെ വീടുകളിൽ നിന്നാണ് പഠിച്ചതെന്നു ബിന്നി വെളിപ്പെടുത്തിയിരുന്നു.
ബിന്നിയുടെ കഥ കേട്ട് നിരവധി പേർ പോസിറ്റീവ് കമന്റുകൾ ഇട്ടിരുന്നു. എന്നാൽ ബിഗ് ബോസിനു വേണ്ടി ബിന്നി ഉണ്ടാക്കിപ്പറഞ്ഞ കഥയാണ് ഇതെന്ന് ചിലരെങ്കിലും വിമർശിച്ചിരുന്നു. ഇതിനെല്ലാം മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിന്നിയുടെ ഭർത്താവ് നൂബിൻ. നെഗറ്റീവ് കമന്റുകൾ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നിയെന്നും ബിന്നി അനുഭവിച്ചതാണ് അവൾ പറഞ്ഞതെന്നും നൂബിൻ പറയുന്നു.
''ബിന്നിയുടെ വീഡിയോ കണ്ട് ഒത്തിരി ആളുകൾ പൊസിറ്റീവ് കമന്റുകൾ ഇട്ടിരുന്നു. എന്നെ അറിയാവുന്ന ആളുകളും എനിക്ക് നേരിട്ട് മെസേജ് അയച്ചു. ഇതിനെല്ലാം ഇടയിൽ ഒരുപാട് പേർ നെഗറ്റീവ് കമന്റ്സും ഇട്ടു. ആ നെഗറ്റീവ് കമന്റ്സ് കണ്ടപ്പോൾ എനിക്ക് ഒരുപാട് വിഷമം തോന്നി. ബിഗ് ബോസിൽ പറയാൻ വേണ്ടി ഞങ്ങളുണ്ടാക്കിയ സ്റ്റോറിയാണെന്നാണ് ചിലർ പറയുന്നത്.
മൂന്ന് വയസിലാണ് ബിന്നിയുടെ അമ്മ വിദേശത്ത് പോയത്. മൂന്ന് വയസുള്ള കൊച്ചിനെ സംബന്ധിച്ച് അതൊരു വലിയ വേദനയാണ്. പിന്നീട് ആ കൊച്ചിന് വേറെ വീട്ടിൽ താമസിക്കേണ്ടി വന്നു എന്നൊക്കെ പറയുമ്പോൾ ആലോചിച്ച് നോക്കൂ. അന്ന് അപ്പനും അമ്മയുമായിട്ട് യാതൊരു കോൺടാക്ട് പോലും ഇല്ല. ഇന്നത്തെ കാലഘട്ടവും അല്ലല്ലോ. എപ്പോഴും ഫോൺ വിളിച്ച് സംസാരിക്കാൻ പോലും പറ്റില്ല. അപ്പന്റേയും അമ്മയുടേയും അടുത്ത് നിന്ന് ഒരു കുട്ടിക്ക് കിട്ടേണ്ട പല കാര്യങ്ങളും അവൾക്ക് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ എങ്ങനെയാണ് കെയറിങ് എക്സ്പ്രസ് ചെയ്യേണ്ടത് എന്നൊന്നും അവൾക്ക് അറിയില്ല. ഞങ്ങൾ റിലേഷൻഷിപ്പിൽ ആയിരുന്ന സമയത്ത് നമുക്കും ആഗ്രഹം കാണുമല്ലോ വൈഫാകാൻ പോകുന്ന കുട്ടി ഇങ്ങനെയൊക്കെ ചോദിക്കണം എന്ന്. പുള്ളിക്കാരി ഒന്നും ചോദിക്കില്ല. ആദ്യമൊക്കെ എന്താ ഇങ്ങനെയെന്ന് ഞാൻ ചിന്തിച്ചു. പിന്നീട് ഞാൻ ഓരോന്ന് പറഞ്ഞ് കൊടുത്തപ്പോൾ ആള് മാറിത്തുടങ്ങി. ബിന്നിയുടെ സ്റ്റോറി കേട്ട് പൊസിറ്റീവ് കമന്റിട്ടവർക്ക് പോലും ഡൗട്ട് തോന്നുന്ന തരത്തിലാണ് ചിലർ നെഗറ്റീവ് കമന്റുകൾ ഇട്ടിരിക്കുന്നത്. ചിലപ്പോൾ പിആർ ടീം ഇടുന്നതാകും'', ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നൂബിൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക