
തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത് (Ranjith). നടന്‍ ദിലീപിനെ (Dileep) ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്കെ (IFFK 2022) ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
ഭാവനയെ കൊണ്ട് വന്നത് തെറ്റായിപ്പോയി എന്ന തരത്തിലാണ് ചർച്ചകൾ. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാൻ അന്ന് തനിക്കും പ്രയാസമായിരുന്നു. കേസ് കോടതിയിലാണ്. താൻ ദിലീപിനെ ന്യായീകരിക്കുന്നില്ല. ജയിലിൽ പോയി കണ്ടത് അന്ന് നടൻ സുരേഷ് കൃഷ്ണ പോയപ്പോൾ കൂടെ പോയത്. ജയിലിൽ കാണാൻ വേണ്ടി താൻ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കാൻ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. തന്നെ ഭയപ്പെടുത്താൻ നോക്കേണ്ട എന്നും രഞ്ജിത് പ്രതികരിച്ചു. താൻ പുറകെ കൂടി ആറ്റുനോറ്റ് നേടിയാതല്ല ഈ പദവി. അക്കാദമി തലപ്പത്ത് സർക്കാരുമായി ചർച്ച ചെയ്തു മാത്രമാകും തീരുമാനങ്ങൾ എടുക്കുന്നത്. ഒന്നും സർക്കാർ വിരുദ്ധം ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎഫ്എഫ്കെ വേദിയില്‍ സര്‍പ്രൈസ് അതിഥിയായി ഭാവന
26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന (Bhavana). ഉദ്ഘാടന ചടങ്ങിന്‍റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ ഭാവന ഉണ്ടായിരുന്നില്ല. മേഖയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്. വന്‍ കരഘോഷത്തോടെയാണ് വേദിയിലേക്കുള്ള ഭാവനയുടെ വരവിനെ നിശാഗന്ധിയില്‍ തിങ്ങി നിറഞ്ഞ ഡെലിഗേറ്റുകള്‍ സ്വീകരിച്ചത്.
ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്തിന്‍റെ വാക്കുകള്‍. കെഎസ്എഫ്ഡിസി ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍ കരുണ്‍ ആണ് ഭാവനയെ ബൊക്കെ നല്‍കി സ്വീകരിച്ചത്. പിന്നീട് നിലവിളക്ക് തെളിച്ചുകൊണ്ടുള്ള ഉദ്ഘാടന ചടങ്ങില്‍ ഒരു തിരി തെളിയിച്ചതും ഭാവനയായിരുന്നു.
Also Read: 'പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകൾ', ഐ എഫ് എഫ് കെ വേദിയിൽ ഭാവന
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ