
നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്ന രമേശ് ചെന്നിത്തലയ്ക്ക് ആശംസകളുമായി സംവിധായകന്‍ അരുണ്‍ ഗോപി. പ്രതിപക്ഷ ധര്‍മ്മം തെരുവിലെ രൂക്ഷമായ സമരങ്ങള്‍ മാത്രമല്ലെന്ന് മനസിലാക്കിത്തന്ന നേതാവാണ് അദ്ദേഹമെന്നും ക്രിയാത്മകമായ ഒട്ടേറെ ഇടപെടലുകള്‍ ഇതിനകം നടത്തിയെന്നും അരുണ്‍ ഗോപി അഭിപ്രായപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അരുണ്‍ ഗോപിയുടെ അഭിപ്രായ പ്രകടനം.
അരുണ്‍ ഗോപിയുടെ കുറിപ്പ്
പ്രിയങ്കരനായ രമേശ് ചെന്നിത്തല സർ പ്രതിപക്ഷ നേതൃസ്ഥാനത്ത് കാലാവധി പൂർത്തിയാക്കുന്നു. അഞ്ച് വർഷം ക്രിയാത്മകമായ ഇടപെടലുകൾ കൊണ്ട് തന്‍റെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കാൻ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. പ്രതിപക്ഷ ധർമം എന്നാൽ തെരുവിലെ രൂക്ഷമായ സമരങ്ങൾ മാത്രമാണെന്ന് കരുതുന്ന പൊതുബോധത്തിന് മുന്നിൽ രമേശ് ചെന്നിത്തല വ്യത്യസ്തനാണ്. ക്രിയാത്മകമായ ഒരുപാട് ഇടപെടലുകൾ കൊണ്ട് രാഷ്ട്രീയ ഭൂപടത്തിൽ പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഒരു ഭാഗമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണങ്ങളായി അദേഹം ഉയർത്തിയ വിഷയങ്ങളും അവക്ക് ലഭിച്ച സ്വീകാര്യതയും നമുക്ക് മുൻപിലുണ്ട്. തിരക്കേറിയ പ്രതിപക്ഷ ഉത്തരവാദിത്തങ്ങൾക്ക് നടുവിലും സമൂഹ നന്മയെ ലക്ഷ്യം വച്ച് നല്ല ഇടപെടലുകൾ നടത്താനും അദേഹം മറന്നില്ല. കോവിഡ് കാലത്ത് സ്വന്തം ഓഫീസിൽ കൺട്രോൾ റൂം തുറന്നും പ്രളയ കാലത്ത് ഒരുപാട് സഹായങ്ങൾ എത്തിച്ചും നാടിനോടൊപ്പം നിൽക്കാൻ അദേഹം മുന്നിലുണ്ടായിരുന്നു. വലിയ മാധ്യമ ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം മുൻകൈയെടുത്ത് നടത്തിയ പരിപാടി ആയിരുന്നു ബൈസൈക്കിൾ ചലഞ്ച്.
ഈ ചലഞ്ചിൽ പങ്കെടുക്കാനും രമേശ് സർ നിർദേശിച്ച സ്കൂളിൽ ഒരു പെൺകുട്ടിക്ക് ഒരു സൈക്കിൾ സമ്മാനിക്കാൻ എനിക്കും കഴിഞ്ഞിട്ടുണ്ട് ഇങ്ങനെ സൈക്കിൾ കിട്ടിയ പെൺകുട്ടികൾ ആലപ്പുഴയിലും പത്തനംതിട്ടയിലും എറണാകുളത്തും സന്തോഷത്തിന്‍റെ സൈക്കിൾബെൽ മുഴക്കി പോകുന്നതോർക്കുമ്പോൾ രമേശ് ചെന്നിത്തലയോട് ആദരവ് കൂടുന്നു. വ്യക്തി ബന്ധം കൊണ്ട് ഏറെ അടുത്ത് നിൽക്കുന്ന പ്രിയപ്പെട്ട രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു കാലാവധി പൂർത്തിയാക്കുമ്പോൾ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു സർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ