
കൊച്ചി: ബാബുരാജിന്റെ ഗാനങ്ങൾ നിയമപരമായി സ്വന്തമാക്കിയതെന്ന് സംവിധായകൻ ആഷിഖ് അബു. ഗാനങ്ങളുടെ പകർപ്പാവകാശം ഉള്ളവർക്ക് പ്രതിഫലം നൽകി കരാറാക്കിയാണ് നീലവെളിച്ചം സിനിമയിൽ ഉപയോഗിച്ചത്. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്സ് ഗാനങ്ങള്‍ നശിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ബാബുരാജിന്റെ മകന്‍ എംഎസ് ജബ്ബാർ നോട്ടീസ് നൽകിയിരുന്നു.
ഒപിഎം സിനിമാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്
1964 ൽ പുറത്തിറങ്ങിയ ഭാർഗവീനിലയം' എന്ന ചിത്രത്തിലെ ഗാനങ്ങൾ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓർക്കസ്ട്രേഷനോടു കൂടി പുനർനിർമ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ പി ഭാസ്കരനിൽ നിന്നും, സംഗീതസംവിധായകനായ എം എസ് ബാബുരാജിന്റെ പിന്തുടർച്ചക്കാരിൽ നിന്നും നീതിയുക്തമായ രീതിയിൽ ഈ ഗാനങ്ങളുടെ മുൻ ഉടമസ്ഥാവകാശമുണ്ടായിരുന്ന നിർമ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു.
ഈ അവകാശക്കൈമാറ്റ തുടർച്ചയുടെ ഭാഗമായി നിയമപരമായ എല്ലാ പ്രക്രിയകളും പിന്തുടർന്ന്, ആ ഗാനങ്ങളുടെ നിലവിലെ ഉടമസ്ഥർ ആവശ്യപ്പെട്ട പ്രതിഫലം നൽകി, കരാറൊപ്പുവെച്ചിട്ടാണ് പ്രസ്തുത ഗാനങ്ങൾ പുനർനിർമ്മിച്ച് ഉപയോഗിക്കാനുള്ള അവകാശം നീലവെളിച്ചത്തിന്റെ നിർമ്മാതാക്കളായ ഒ പി എം സിനിമാസ് കരസ്ഥമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട രേഖകളും, ഇതിലേക്ക് നയിച്ച മുൻ കരാർ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്.
(സ്വകാര്യത കണക്കിലെടുത്ത്, ഈ നിയമവ്യവഹാരങ്ങളിൽ ഭാഗമായ വ്യക്തികളുടെ പേരു വിവരങ്ങൾ ഇവിടെ പരാമർശിക്കുന്നില്ല.) നിയമത്തിനപ്പുറം, ഈ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അനശ്വര സംഗീതജ്ഞൻ എം എസ് ബാബുരാജിന്റെ കുടുംബത്തെ ഈ ഗാനങ്ങൾ പുനർനിർമ്മിച്ച് 'നീലവെളിച്ചം' സിനിമയിൽ ഉപയോഗിക്കുന്ന വിവരം അറിയിക്കുക എന്നതാണ് മര്യാദ എന്നതിനാൽ, അദ്ദേഹത്തിന്റെ മൂത്ത മകൾ സാബിറയെ ഇക്കാര്യം അറിയിച്ച് അവരുടെ സ്നേഹാശംസകൾ ലഭിച്ച ശേഷമാണ് ഈ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചിടുള്ളത്.
ഈ സാഹചര്യത്തിൽ, നിലവിലുണ്ടായിരിക്കുന്ന വിവാദം, തെറ്റിദ്ധാരണമൂലമുണ്ടായ ആശയക്കുഴപ്പം കൊണ്ടാണെന്ന് ഞങ്ങൾ അനുമാനിക്കുന്നു. ഇത് രമ്യമായി പരിഹരിക്കാനായി എം. എസ് ബാബുരാജിന്റെ കുടുംബാംഗങ്ങളുമായി ഞങ്ങൾ നിരന്തര സമ്പർക്കങ്ങളിലാണ്. ഈ വിവരങ്ങൾ അഭ്യുദയകാംക്ഷികളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ