'ഒരു നടൻ എങ്ങനെ ആകരുതെന്ന് ഒരാൾ പഠിപ്പിച്ചെ'ന്ന് ജൂഡ് ആന്റണി; ആളെ തിരഞ്ഞ് സോഷ്യൽ മീഡിയ

By Web TeamFirst Published Dec 4, 2022, 10:37 AM IST
Highlights

'2018 എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്.

ലയാള സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ്  ജൂഡ് ആന്റണി ജോസഫ്. സംവിധായകന് പുറമെ താനൊരു നടനും തിരക്കഥാകൃത്തുമാണെന്നും ജുഡ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. 2014ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഡ് സിനിമ സംവിധാനത്തിലേക്ക് എത്തുന്നത്. 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഇത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് മുത്തശ്ശി ഗാഥ, സാറസ് തുടങ്ങിയ ചിത്രങ്ങളും ജൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ഇപ്പോഴിതാ ജൂഡ് ഫോസ്ബുക്കിൽ കുറിച്ചൊരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്. 

'ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ', എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. നടന്റെ പേര് പറയാതെ ഇത്തരമൊരു പോസ്റ്റിട്ടതിനെതിരെ ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്. 

'ഈ പറഞ്ഞ "ഒരാൾ" ക്കു പേരില്ലേ? അതോ ആ പേര് പറയാനുള്ള ധൈര്യം താങ്കൾക്കില്ലേ?, മനസിന്റെ ഒരു കോണിൽ സൂക്ഷിച്ചു വച്ചോ , സമയം വരും. കൊടുക്കാം, സിനിമക്കാർ പേര് പോലും പറയാൻ ധൈര്യം ഇല്ലാതെ ഇങ്ങനെ ബ്ലാക്‌മെയ്ൽ രാഷ്ട്രീയം കളിക്കുമ്പോൾ കമെന്റും ലൈകും ഇടുന്ന ഞാൻ അടക്കമുള്ള എല്ലാരേം പതല് വെട്ടി അടിക്കണം, അങ്ങനെ മലയാള സിനിമയിൽ പേരില്ലാത്ത ഒരു പ്രമുഖനും കൂടി ജനിച്ചിരിക്കുന്നു, ഇത്തരം ഒരു കാര്യം ഒരു പ്ലാറ്റ്ഫോമിൽ പറയുമ്പോൾ അത് ആരാണെന്ന് തുറന്നുപറയാനുള്ള ഒരു ആർജ്ജവം കാണിക്കണം അതാണ് അന്തസ്സ് . അല്ലെങ്കിൽ അത്തരം പണികൾക്ക് നിൽക്കരുത്', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'ബാബ' റീമാസ്റ്ററിം​ഗ് ട്രെയിലർ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകർ

അതേസമയം, '2018 എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്. കേരളം 2018ല്‍ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഇന്ദ്രൻസ്, ലാൽ, അപർണ ബാലമുരളി, ഗൗതമി നായർ, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

click me!