സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

By Web TeamFirst Published Apr 30, 2021, 7:41 AM IST
Highlights

തേന്മാവിന്‍ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.  സ്വതന്ത്ര ഛായാഗ്രാഹകനായ കന്നി ചിത്രം, തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ചെന്നൈ: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്‍റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടു മാറ്റുകയായിരുന്നു. 

ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ എത്തിയ തേന്മാവിന്‍ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹം മലയാളത്തില്‍ ക്യാമറ ചലിപ്പിച്ചു.  സ്വതന്ത്ര ഛായാഗ്രാഹകനായ കന്നി ചിത്രം, തേന്മാവിന്‍ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 

ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. പിന്നീട് ശങ്കറിന്‍റെ കൂടെ മുതല്‍വന്‍, ബോയ്സ്, ശിവാജി എന്നിങ്ങനെയുള്ള വമ്പന്‍ ഹിറ്റുകളില്‍ പങ്കാളിയായി. മലയാളും തമിഴും കൂടാതെ തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം തന്‍റെ മികവ് പകര്‍ത്തി. ഷാരുഖ് ഖാന്‍- ഐശ്വര്യ റായ് എന്നിവര്‍ ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്‍റെ കാക്കി തുടങ്ങിയവയാണ് ഹിന്ദിയിലെ പ്രധാന ചിത്രങ്ങള്‍.  

2005ല്‍ കനാ കണ്ടേല്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകന്‍റെ കുപ്പായത്തിലേക്ക് മാറുന്നുത്. ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവരൊന്നിച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അയണ്‍, കോ, മാട്രാന്‍, കാവന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാല്‍, സൂര്യ എന്നിവരൊന്നിച്ച കാപ്പാന്‍ ആണ് അവസാന ചിത്രം. 

click me!