"ഷെയ്‌നിന്റെ കാര്യം മാത്രമല്ല. ഹാന്‍ഡില്‍ ചെയ്യാന്‍ ആര്‍ക്കും ക്ഷമയില്ല. അതാണ് ഇപ്പോഴത്തെ ഒരു പ്രശ്‌നം' 

നടന്‍ ഷെയ്ന്‍ നിഗത്തിനും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിനും ഇടയിലുള്ള തര്‍ക്കത്തില്‍ താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. മുന്‍പുണ്ടായിരുന്നവരുടെ പക്വത ഇപ്പോഴുള്ളവര്‍ക്ക് ഇല്ലെന്നും എന്നാല്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമേ ഇപ്പോള്‍ ഉള്ളെന്നും അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എല്ലാവരെയും വിളിച്ചുകൂട്ടി, ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് തീര്‍ക്കാവുന്ന പ്രശ്‌നമല്ലേയുള്ളൂ. ഇപ്പൊ എല്ലാവര്‍ക്കും ആ പഴയകാലത്തെ പക്വത ഇല്ല എന്നുള്ള അഭിപ്രായം ഉണ്ട് എനിക്ക്. ഷെയ്‌നിന്റെ കാര്യം മാത്രമല്ല. ഹാന്‍ഡില്‍ ചെയ്യാന്‍ ആര്‍ക്കും ക്ഷമയില്ല. അതാണ് ഇപ്പോഴത്തെ ഒരു പ്രശ്‌നം', മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ഇടവേള ബാബു പറഞ്ഞു.

വെയില്‍ എന്ന ചിത്രത്തിലെ നായകനായ തനിക്കെതിരേ അതിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ ആരോപണം. 'വെയിലില്‍ മുടി നീട്ടിയ ഒരു ഗെറ്റപ്പ് ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ജോയിന്‍ ചെയ്ത കുര്‍ബാനി എന്ന ചിത്രത്തിനുവേണ്ടി പിന്നിലെ മുടി അല്‍പം മാറ്റി.' ഇത് തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടക്കാനാണെന്ന് ആരോപിച്ച് നിര്‍മ്മാതാവ് വധഭീഷണി മുഴക്കുകയായിരുന്നെന്ന് ഷെയ്ന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. 

എന്നാല്‍ ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി ജോബി ജോര്‍ജ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തി. 4.82 കോടി മുതല്‍മുടക്കുള്ള തന്റെ സിനിമയുടെ അവശേഷിക്കുന്ന ചിത്രീകരണത്തില്‍നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിച്ചോദിക്കുകയാണ്. 30 ലക്ഷം നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഈ വിഷയം ഉന്നയിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.