
ജയസൂര്യ നായകനായ ചിത്രം 'ക്യാപ്റ്റൻ' (Captain Movie) പ്രദര്‍ശനത്തിന് എത്തിയിട്ട് നാല് വര്‍ഷം തികയുകയാണ്. പ്രജേഷ് സെൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. പ്രജേഷ് സെൻ ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‍തു. ഇപ്പോഴിതാ 'ക്യാപ്റ്റൻ' ചിത്രത്തിന് അജ്ഞാതനില്‍ നിന്ന് ലഭിച്ച് അമൂല്യമായ ഒരു സമ്മാനത്തെ കുറിച്ച് പറയുകയാണ് പ്രജേഷ് സെൻ (Prajesh Sen).
പ്രജേഷ് സെന്നിന്റെ വാക്കുകള്‍
'വെള്ള'ത്തിന്‍റെ ഷൂട്ടിങ് കണ്ണൂരിൽ നടക്കുകയാണ്.അന്ന് തളിപ്പറമ്പിനടുത്തുള്ള പൂമംഗലം സ്‍കൂളിലാണ് ലൊക്കേഷൻ. ഷൂട്ടിന്റെ തിരക്കുകളിൽ നിൽക്കുന്നതിനിടെ ഷൂട്ടിങ് കാണാൻ വന്ന ആളുകൾക്കിടയിൽ നിന്ന് ഒരു മധ്യവയസ്‍കൻ അടുത്തുവന്ന് കെട്ടിപ്പിടിച്ചു. കുറച്ച് സമയം സംസാരിക്കണം എന്നു പറഞ്ഞു. 'ക്യാപ്റ്റനെ'ക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഉള്ളിൽ തട്ടിയ സിനിമയാണെന്നും ഒരുപാട് തവണ കണ്ടെന്നും പറഞ്ഞു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും വികാരവായ്‍പുകൊണ്ട് അധികമൊന്നും സംസാരിച്ചില്ല.
ഒരു കടലാസ് പൊതി കയ്യിൽ തന്ന് ആൾക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു. തിരക്കൊഴിയുമ്പോൾ വിശദമായി സംസാരിക്കാം ഇവിടെ കാണില്ലേ എന്ന് ഞാൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞത് കേട്ടോ എന്നറിയില്ല. ഷൂട്ടിങ്ങിന്‍റെ തിരക്കിനിടയിൽ ആ പൊതി എവിടെയോ വെച്ച് മറന്നു. മിഠായിയോ മറ്റോ ആകുമെന്ന് കരുതി അന്വേഷിച്ചതുമില്ല. കുറച്ചുകഴിഞ്ഞ് യൂണിറ്റിലെ ആരോ ആ പൊതി കൊണ്ടുതന്നു. ഞാൻ അത് പോക്കറ്റിലിടുകയും ചെയ്‍തു
രാത്രി മുറിയിലെത്തി തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്. ഒരു സ്വർണമോതിരമായിരുന്നു അത്. 'ക്യാപ്റ്റ'ന്‍റെ പേരിൽ കിട്ടിയ അമൂല്യ സമ്മാനം.സത്യേട്ടനോടും 'ക്യാപ്റ്റനോ'ടുമുള്ള ആ സ്‍നേഹ സമ്മാനം ഇന്നും ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തെ വീണ്ടും കാണുകയാണെങ്കിൽ തിരിച്ചുകൊടുക്കണം. ആ സ്‍നേഹത്തേക്കൾ വലിയ സമ്മാനം വേറെന്തുണ്ട് അല്ലേ?
'ക്യാപ്റ്റ'ന്‍റെ ആദ്യ ഷോ കവിത തീയറ്ററിൽ കണ്ടിറങ്ങിയപ്പോഴും സത്യേട്ടന്‍റെ ആരാധകനായ ഒരു വൃദ്ധൻ ഇതുപോലെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചുപോയ അനുഭവം നേരത്തെ പങ്കുവച്ചിരുന്നല്ലോ. എവിടെപ്പോയാലും ഒരാളെങ്കിലും 'ക്യാപ്റ്റനെ'ക്കുറിച്ച് സംസാരിക്കാതിരിക്കാറില്ല.അങ്ങനെ അപരിചിതരായ നൂറു കണക്കിന് ആളുകളുടെ സ്‍നേഹം ഇപ്പോഴും അനുഭവിക്കുകയാണ്.
മുന്നോട്ടുള്ള യാത്രക്ക് അതുതരുന്ന ഊർജം ചെറുതല്ല. ഇന്ത്യൻ ഫുട്ബോളിലെ അതികായനായ, ഫുട്ബോൾ പ്രേമികളുടെഏറ്റവും പ്രിയങ്കരനായ സത്യേട്ടനോടുള്ള സ്‍നേഹത്തിന്‍റെ ഒരു ചെറിയ പങ്കാണ് എനിക്കും കിട്ടുന്നതെന്ന ബോധ്യമുണ്ട്. ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത സത്യേട്ടൻ എന്റെ ജീവിതത്തിന്‍റെയും ഒരു പ്രധാന ഭാഗമാണിന്ന്. അനിതച്ചേച്ചിയും ,സത്യേട്ടനുമായി അടുപ്പമുള്ള ഓരോരുത്തരും പറഞ്ഞറിഞ്ഞത് വെള്ളിത്തിരയിലെത്തിച്ചു എന്നതിനപ്പുറം ഒരു വലിയ ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. സത്യേട്ടൻ എപ്പോഴും കൂടെയുണ്ട്.
ഇന്ന് 'ക്യാപ്റ്റൻ' ഇറങ്ങി നാല് വർഷം പൂർത്തിയാക്കുകയാണ്. സംവിധായകനും എഴുത്തുകാരനും എന്ന നിലയിൽ എന്നെ അടയാളപ്പെടുത്തിയ സിനിമയാണ് ക്യാപ്റ്റൻ. അനിതേച്ചി, ഗുരുനാഥൻ സിദ്ധിഖ് സർ, ജയേട്ടൻ, പ്രൊഡ്യൂസർ ജോബി ചേട്ടനും ഗുഡ് വിൽ എൻറർടെയിൻമെൻസും നന്ദി മനസിൽ സൂക്ഷിക്കുന്നു.
ആദരണിയനായ മമ്മൂക്ക , ആന്റോ ജോസഫ് ചേട്ടൻ അനുസിത്താര, സിദ്ധിക്ക ,റോബി രാജ്, നൗഷാദ്, ബിജിത്ത് , ശ്രീകുമാറേട്ടൻ അങ്ങനെ ക്യാപ്റ്റൻ ടീമിലെ ഓരോരുത്തരോടും വീണ്ടും വീണ്ടും നന്ദി.
കൂടെ നിന്നവരോട്, പിന്തുണച്ചവരോട് ക്യാപ്റ്റനെ നെഞ്ചോട് ചേർത്ത ആസ്വാദകരോട് ഒരുപാട് സ്‍നേഹം. 'ക്യാപ്റ്റ'ന്റെ തിരക്കഥ ലിപി പബ്ലിഷേഴ്‍സ് വഴി പുറത്തിറക്കിയിരുന്നു. അത് വായിച്ചും ഒരുപാട് പേർ വിളിക്കുന്നുണ്ട്. എല്ലാവരോടും നന്ദി. കൊവിഡ് പ്രതിസന്ധികൾക്കിടയിലും 'വെള്ളം' വിജയപ്പിച്ചതും പ്രിയപ്പെട്ട പ്രേക്ഷകരാണ്. പുതിയ ചിത്രങ്ങളായ 'മേരി ആവാസ് സുനോ'യും 'സീക്രട്ട് ഓഫ് വിമണും' റിലീസിന് ഒരുങ്ങുകയാണ്. കോ ഡയറക്ടറായി പ്രവർത്തിച്ച, 'റോക്കട്രി ദ നമ്പി എഫക്ട്' എന്ന ബഹുഭാഷാചിത്രവും ജൂലൈ ഒന്നിനെത്തും. പിന്തുണയ്ക്കണം. അനുഗ്രഹിക്കണം. സ്‍നേഹത്തോടെ പ്രജേഷ് സെൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ