
മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനിവ്ളോഗുകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ സംവിധായകൻ കൂടിയായ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇപ്പോളിതാ തന്റെ സ്വതസിദ്ധമായ കഥപറച്ചിൽ ശൈലിയിൽ തന്നെ തങ്ങളുടെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രാഹുൽ.
''ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം ജീവിതത്തിലുണ്ടായ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുകയാണ്. നിങ്ങളെല്ലാവരും ഇപ്പോൾ മനസിൽ കരുതിയതു പോലെ അതൊരു ജൂനിയർ ചിന്നുവിന്റെ വരവല്ല. 2018 ൽ ആദ്യസിനിമയുടെ ആവശ്യത്തിനായി എറണാകുളത്തേക്ക് വണ്ടി കയറിയപ്പോൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഈ നഗരം എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറുമെന്ന്. ശ്രീവിദ്യ മുല്ലച്ചേരി എന്ന ചിന്നുവിനെ ഇതേ നഗരത്തിൽ വെച്ച് പരിചയപ്പെട്ടപ്പോൾ തന്നെ ഞാനൊരു കാര്യം ഉറപ്പിച്ചിരുന്നു, ഇനിയങ്ങോട്ട് ഇവിടമാകും എന്റെ സ്വർഗമെന്ന്. അങ്ങനെ വർഷങ്ങൾക്കിപ്പുറം എറണാകുളത്തു വെച്ചു തന്നെ ചിന്നുവിനെ താലി തെട്ടി സ്വന്തമാക്കിയതിനു ശേഷം ഒരിക്കൽ ചിന്നു എന്നോട് തമാശക്കു ചോദിച്ചൊരു ചോദ്യമുണ്ട്... നന്ദൂ, ഈ എറണാകുളത്ത് എനിക്കൊരു വീടു മേടിച്ചു തരാമോ എന്ന്. അന്നെന്നെ ചിന്നു കളിയാക്കുന്നതാകും എന്നാണ് ഞാൻ കരുതിയത്. കാരണം, ഉണ്ടായിരുന്നതു മുഴുവൻ നുള്ളിപ്പെറുക്കി കല്യാണം നടത്തി കീശ കീറിയിരുന്ന എന്റെ കയ്യിൽ എങ്ങനാണു ഭായ് വീട് മേടിക്കാനുള്ള കായ്?
പക്ഷേ, കുന്നോളം പ്രതീക്ഷകൾ നൽകുന്ന ഈ എറണാകുളം ചിന്നുവിന്റെ ആ ചോദ്യം കാര്യമായി എടുക്കുമെന്ന് ഞാൻ കരുതിയില്ല. വളരെ യാദൃഛികമായി ആരംഭിച്ച ഈ കഥപറച്ചിലിലൂടെ നിങ്ങളെയൊക്കെ സന്തോഷിപ്പിച്ചതുപോലെ, അതേ കഥപറച്ചിലിലൂടെ ചിന്നുവിന് ഞാൻ വാങ്ങിക്കൊടുത്ത വീടിന്റെ പാലുകാച്ചൽ ചടങ്ങാണിത്. സന്തോഷം കൊണ്ടു തന്നെയാകണം ഇത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നതും നാവിടറുന്നതും. ഈയൊരു നിമിഷത്തിൽ ഓർമ വരുന്നത് പൗലോ കൊയ്ലോയുടെ ആ വാക്കുകൾ തന്നെയാണ്. ഒരു കാര്യം നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അതു സാധിച്ചുതരാൻ ഈ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും എന്നുള്ളത്. നിങ്ങളോരോരുത്തരും തന്നെയായിരുന്നു എന്റെ കൂടെനിന്ന ആ പ്രപഞ്ചം'', രാഹുൽ വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ