
ദിലീപും മംമ്ത മോഹൻദാസും കേന്ദ്ര കഥാപാത്രങ്ങളായി എത്തി സിനിമാസ്വാദകരെ കുടുകുടെ ചിരിപ്പിച്ച ചിത്രമാണ് ടു കൺട്രീസ്. ഇരുവരും തകർത്തഭിനയിച്ച ചിത്രം പ്രേക്ഷക നിരൂപക പ്രശംസയോടൊപ്പം ബോക്സ് ഓഫീസിലും തിളങ്ങിയിരുന്നു. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് റാഫി ആയിരുന്നു. ഇപ്പോഴിതാ 2015ൽ പുറത്തിറങ്ങിയ ചിത്രത്തിന് തുടർച്ച ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഷാഫി.
''കഥയുടെ ഐഡിയ ഉണ്ട്. തിരക്കഥ ഒന്നും ആയിട്ടില്ല. അത് വികസിപ്പിക്കണം. നിലവിലുള്ള പ്രോജക്ടുകൾ കഴിഞ്ഞാൽ അതിലേക്ക് കടക്കും, ത്രീ കൺട്രീസ് എന്നായിരിക്കും ചിത്രത്തിന്റെ പേര്. 2023 ലോ അല്ലെങ്കിൽ 2024 ലോ ചിത്രം റിലീസ് ചെയ്യാനാവുന്ന വിധത്തിലാണ് പ്ലാൻ ചെയ്യുന്നത്'', എന്ന് ഷാഫി പറഞ്ഞു. ടു കൺട്രീസ് താരങ്ങളെല്ലാം ത്രി കൺട്രീസിലും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാഫി- റാഫി- ദിലീപ് കൂട്ടുകെട്ടിൽ രണ്ട് മൂന്ന് സിനിമകൾ പ്ലാനിങ്ങളുണ്ട്. മിക്കവാറും അത് അടുത്ത വർഷം ഉണ്ടാകുമെന്നും ഷാഫി അറിയിച്ചു. ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ആയിരുന്നു ഷാഫിയുടെ വെളിപ്പെടുത്തൽ.
അത് അനുകരണമല്ല, ഒറിജിനൽ തന്നെ; വൈറല്‍ സുരേഷ് ഗോപി ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്
ഒരിടവേളയ്ക്ക് ശേഷം ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം പരമാനന്ദം. അടുത്തിടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ഷറഫുദ്ദീൻ ആയിരുന്നു നായകൻ. ഇന്ദ്രൻസ്, അജു വർഗീസ്, സാദ്ദിഖ്, കിച്ചു ടെല്ലസ്, കൃഷ്‍ണചന്ദ്രൻ, ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്‍ണചന്ദ്രൻ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 'തിങ്കളാഴ്ച്ച നിശ്ചയം' ഫെയിം അനഘ നാരായണൻ ആണ് ചിത്രത്തിൽ നായികയായി എത്തിയത്. എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിന്റെ പ്രമേയം.