അന്നത്തെ ന്യൂജെൻ, പക്ഷേ ആദ്യ തിരക്കഥ പാളി; ഇതിലും വലുത് ചാടിക്കടന്നവനാണീ...; തമാശകളുടെ പുതുവഴി തേടിയ സിദ്ദിഖ്

Published : Aug 08, 2023, 10:15 PM ISTUpdated : Aug 08, 2023, 10:24 PM IST
അന്നത്തെ ന്യൂജെൻ, പക്ഷേ ആദ്യ തിരക്കഥ പാളി; ഇതിലും വലുത് ചാടിക്കടന്നവനാണീ...; തമാശകളുടെ പുതുവഴി തേടിയ സിദ്ദിഖ്

Synopsis

ഹലോ റാംജി റാവു സ്പീക്കിംഗ് എന്ന് വില്ലൻ പറയുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ച് മറിഞ്ഞു. തോമസൂട്ടിയെ വിട്ടോടാ എന്ന് പറഞ്ഞ് നാല് ചെറുപ്പക്കാര്‍ പരക്കം പായുമ്പോള്‍ കൂടെ മലയാളികളും ചിരിച്ചോടി.

നായകൻ ഒരു വാഹനാപകടത്തില്‍ മരണപ്പെടുന്നു. കാലപുരിയിൽ എത്തിയപ്പോഴാണ് യമൻ ആ സത്യം തിരിച്ചറിഞ്ഞത്, യഥാര്‍ഥത്തില്‍ ആ സമയം മരിക്കേണ്ടത് നായകനായിരുന്നില്ല. പപ്പന് കുറച്ചുനാൾ കൂടി ആയുസുണ്ടെന്ന് തിരിച്ചറിഞ്ഞ യമൻ (തിലകൻ), മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിച്ച് ജീവിക്കുവാൻ പപ്പന് അനുമതി നൽകുന്ന കഥ... ഇന്ന് ഇറങ്ങിയിരുന്നെങ്കില്‍ സൂപ്പര്‍ ഹിറ്റ് ആകുമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്ന ഒരു കഥ ലാലിനൊപ്പം ചേര്‍ന്ന് 1986 എഴുതിയ അതുല്യ പ്രതിഭയുടെ പേരാണ് സിദ്ദിഖ്. കാലം തെറ്റി പിറന്ന ആ സിനിമ അന്ന് വലിയ വിജയം ഒന്നും ആയില്ലെങ്കിലും ഇന്നും ടി വി പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുണ്ട്.

അന്നത്തെ ന്യൂജെൻ എന്ന വിശേഷിപ്പിക്കാവുന്ന ആ കഥ എഴുതിയവരുടെ സുവര്‍ണ കാലമായിരുന്നു പിന്നീട് മലയാള സിനിമയില്‍. മോഹൻലാല്‍ - ശ്രീനിവാസൻ - സത്യൻ അന്തിക്കാട് ടീമിന്‍റെ എവര്‍ഗ്രീൻ സൃഷ്ടിയായ നാടോടിക്കാറ്റിന്‍റെ കഥയ്ക്ക് പിന്നിലും ആ കൂട്ടുക്കെട്ട് ഉണ്ടായിരുന്നു എന്നുള്ളത് പലരും പലപ്പോഴും മറക്കുന്ന കാര്യമാണ്. പിന്നീടുള്ള വര്‍ഷങ്ങള്‍ സിദ്ദിഖ് - ലാല്‍ കൂട്ടിന്‍റെ ചിരിയില്‍ മലയാളികള്‍ ആറാടി.

ഹലോ റാംജി റാവു സ്പീക്കിംഗ് എന്ന് വില്ലൻ പറയുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ച് മറിഞ്ഞു. തോമസൂട്ടിയെ വിട്ടോടാ എന്ന് പറഞ്ഞ് നാല് ചെറുപ്പക്കാര്‍ പരക്കം പായുമ്പോള്‍ കൂടെ മലയാളികളും ചിരിച്ചോടി. ഇവിടെ തെളിയാനേ പനിനീര് എന്ന് ആനപ്പാറ അച്ചാമയും കയറി വാടാ മക്കളെ കയറി വാ എന്ന് അഞ്ഞൂറാനും പറഞ്ഞപ്പോള്‍ നര്‍മ്മത്തിനൊപ്പം അല്‍പ്പം കണ്ണീര് പൊടിഞ്ഞു. ഇതിലും വലുത് ചാടികടന്നവനാണീ കെ കെ ജോസഫ് എന്ന് പറഞ്ഞ് ഇന്നസെന്‍റ്  പടിക്കെട്ടില്‍ നിന്ന് താഴെ വീണപ്പോൾ, മലയാള സിനിമയുടെ സുവര്‍ണ പടിക്കെട്ടുകള്‍ വളരെ വേഗം കയറി പോവുകയായിരുന്നു സിദ്ദിഖ് - ലാല്‍ കൂട്ടുക്കെട്ട്.

ചിരിപ്പടക്കത്തിനൊപ്പം കന്നാസിനെയും കടലാസിനെയും കൊണ്ട് മലയാളികളുടെ നെഞ്ചിലൊരു നീറ്റല്‍ സൃഷ്ടിക്കാനും അവര്‍ക്ക് സാധിച്ചു. മമ്മൂട്ടിയെ ഹിറ്റ്ലര്‍ മാധവൻകുട്ടിയായും സത്യപ്രതാപനായും അഭ്രപാളിയിലെത്തിച്ച് വിജയങ്ങള്‍ ആവര്‍ത്തിക്കാനും സിദ്ദിഖിന് സാധിച്ചു. പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ... പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ എന്ന് പാടിക്കൊണ്ട് ജയറാമും മുകേഷും ശ്രീനിവാസനും ആടിപ്പാടിയപ്പോൾ ഒരു യുവതലമുറ അതേറ്റു പാടി, ആടി. കാലത്തിന്‍റെ മാറ്റങ്ങളില്‍ ഒന്നിടറിയെങ്കിലും ദിലീപിനെ അശോകേട്ടന്‍റെ ബോഡ‍ി ഗാര്‍ഡ് ആക്കി ചിരിച്ചും പ്രണയിപ്പിച്ചും റാസ്ക്കലായ അച്ഛനായി മമ്മൂട്ടിയെ കൊണ്ട് തകര്‍ത്താടിച്ചും ഹിറ്റ്ചാര്‍ട്ടുകളില്‍ സിദ്ദിഖ് വീണ്ടും തന്‍റെ പേര് എഴുതി ചേര്‍ന്നിരുന്നു. 

അപകടത്തിൽ പരിക്കേറ്റാൽ ഒരു ലക്ഷം രൂപ സഹായം; കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് ഗ്രാമം, അഭിമാന നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
click me!

Recommended Stories

റിലീസ് അനുമതി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്