'ചൈനീസ് മന്ത്രിസഭയില്‍ ഒരു പിണറായിയോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍'; സിദ്ധിഖ് പറയുന്നു

By Web TeamFirst Published Apr 8, 2020, 10:44 AM IST
Highlights

ചൈനയിലാണ് കൊവിഡ് 19 വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്ന കൊവിഡ് പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു.

തിരുവനന്തപുരം:  ചൈനയിലെ മന്ത്രിസഭയില്‍ ഒരു പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇങ്ങനെ ഒരു ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകന്‍ സിദ്ധിഖ്. തന്റെ ഫേസ്ബുക്ക് പേജിലാണ് സിദ്ധിഖ് ഇങ്ങനെ കുറിച്ചത്. ചൈനയിലാണ് കൊവിഡ് 19 വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്ന കൊവിഡ് പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ പോലെയോ ആരോഗ്യ മന്ത്രിയായ കെ കെ ശൈലജ ടീച്ചറയെ പോലെയോ ഒരാള്‍ ചൈനയിലെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ലോകത്തിന് ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നുവെന്ന് സിദ്ധിഖ് കുറിച്ചത്. കൊവിഡ് 19നെ നേരിടുന്നതിലെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ ലഭിച്ചിരുന്നു.

ഇന്ത്യയില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായിട്ടും സാമൂഹ്യ വ്യാപനം തടഞ്ഞു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചിരുന്നു. അതേസമയം കൊവിഡ് 19 വൈറസ് ബാധ ആദ്യം പൊട്ടിപ്പുറപ്പെട്ടെന്ന് കരുതപ്പെടുന്ന ചൈനയിലെ വുഹാന്‍ നഗരം വീണ്ടും തുറന്നു. വുഹാനില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ലോക്ക്ഡൗണും പിന്‍വലിച്ചു. ഇതോടെ നീണ്ട 76 ദിവസങ്ങള്‍ക്ക് ശേഷം വുഹാന്‍ നഗരം വീണ്ടും ഉണര്‍ന്നു.

ദുരിതകാലം പിന്നിട്ടതിന്റെ സന്തോഷത്തില്‍ നിയന്ത്രണങ്ങള്‍ മാറി സ്വാതന്ത്ര്യം ലഭിച്ചതിനെ ആഘോഷിക്കുകയാണ് വുഹാനിലെ ജനങ്ങള്‍. ഒരു ജനത ഒരിക്കലും മറക്കാത്ത 76 ദിനരാത്രങ്ങള്‍ക്കാണ് ഒടുവില്‍ അവസാനമായിരിക്കുന്നത്. മരണം തൊട്ടടുത്ത് എത്തി നില്‍ക്കുന്ന അവസ്ഥയില്‍ പരസ്പരം ഒന്ന് വാരിപ്പുണര്‍ന്ന് ആശ്വസിക്കാന്‍ പോലും സാധിക്കാതെ അകന്നിരിക്കുന്ന ജീവിതങ്ങളായിരുന്നു വുഹാനിലേത്. പൊലിഞ്ഞു പോയ നിരവധി ജീവനുകള്‍ തീരാ നൊമ്പരമായി എന്നും അവശേഷിക്കും. കൊവിഡ് കാലത്തെ പിന്നോട്ട് മാറ്റി പുതിയ കുതിപ്പുകള്‍ സ്വപ്‌നം കണ്ട് പ്രതീക്ഷകളുടെ ലോകത്തേക്കാണ് വുഹാന്റെ കവാടങ്ങള്‍ തുറന്നിരിക്കുന്നത്.
 

click me!